ജന്തർ മന്തർ സമരത്തിലെ മുഖം തിരിച്ചറിയൽ നിരീക്ഷണം: സുപ്രീംകോടതിയിൽ റഹീമിൻ്റെ ഹർജി

Follow the FOURTH PILLAR LIVE channel on WhatsApp 

കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിനിടെ ഡൽഹി പൊലീസ് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും മറ്റ് ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. സി.പി.എം. രാജ്യസഭാംഗം എ.എ.റഹീമാണ് ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഹർജി സമർപ്പിച്ചത്.

സമാധാനപരമായ ജനകീയ സമരങ്ങളിൽ ആളുകളുടെ മുഖം, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ യാതൊരു നിയമപരമായ സംരക്ഷണവുമില്ലാതെ ശേഖരിക്കുന്നതും പരിശോധിക്കുന്നതും ഭരണഘടനാവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. പാർലമെൻ്റ് വ്യക്തമായ നിയമം കൊണ്ടുവരുന്നതുവരെ ഇത്തരം നിരീക്ഷണ നടപടികൾ തടയണമെന്നുമാണ് ആവശ്യം.

ഡൽഹി പൊലീസ് പൂർണമായും നിയമവിരുദ്ധമായാണ് ഈ നിരീക്ഷണം നടത്തിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സമരങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഡൽഹി പൊലീസ് സ്റ്റാൻഡിങ് ഓർഡറുകളിലും ക്രിമിനൽ പ്രൊസീജർ ഐഡൻ്റിഫിക്കേഷൻ ആക്ട് 2022ലും സാധാരണ പൗരന്മാർ പങ്കെടുക്കുന്ന പൊതുസമരങ്ങളിൽ ഇത്തരത്തിലുള്ള ബയോമെട്രിക് നിരീക്ഷണത്തിന് അനുമതിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, സാധാരണ പൗരന്മാർ എന്നിവരുടെ മുഖചിത്രങ്ങൾ സി.സി.ടി.വി. ക്യാമറകൾ, ഡ്രോണുകൾ, മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വാഹനം എന്നിവ വഴി ശേഖരിച്ചെന്ന് ഹർജിയിൽ പറയുന്നു. ഇങ്ങനെ ശേഖരിച്ച ദൃശ്യങ്ങളിൽനിന്ന് മുഖം ഉൾപ്പെടെയുള്ള ബയോമെട്രിക് അടയാളങ്ങൾ യാന്ത്രികമായി വേർതിരിച്ച് പരിശോധിക്കുകയും ദേശീയ ക്രിമിനൽ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.

ശേഖരിച്ച വിവരങ്ങൾ എത്രകാലം സൂക്ഷിക്കും, ആരുമായി പങ്കിടും, എന്തിനാണ് ഉപയോഗിക്കുക, പൗരന് അത് മായ്ക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളിൽ ഒരു സുരക്ഷയും വ്യക്തമാക്കിയിട്ടില്ല. മറിച്ച്, ഇത്തരം വിവരങ്ങൾ അനിശ്ചിതകാലം സൂക്ഷിക്കപ്പെടാനും ദേശീയ ക്രിമിനൽ ഡാറ്റാബേസുകളിൽ ചേർക്കപ്പെടാനും സാധ്യതയുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.

സമരത്തിനിടെ ഉപയോഗിച്ച സാങ്കേതികവിദ്യകൾ, ബന്ധിപ്പിച്ച ഡാറ്റാബേസുകൾ, സ്വകാര്യ കമ്പനികളുമായുള്ള കരാറുകൾ എന്നിവ വെളിപ്പെടുത്താൻ കോടതി നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ബാധിതരായ പൗരന്മാർക്ക് തങ്ങളെക്കുറിച്ച് ശേഖരിച്ച വിവരങ്ങൾ അറിയാനും അവ നീക്കംചെയ്യാൻ അപേക്ഷിക്കാനും കഴിയുന്ന പരാതി പരിഹാര സംവിധാനം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്തർ മന്തർ സമരവേദിയിൽ നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ചതിനെതിരെ എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയിൽ നിലവിലുണ്ട്. അതിനിടെയാണ് സമാധാനപരമായ സമരങ്ങളിലെ മുഖം തിരിച്ചറിയൽ നിരീക്ഷണത്തിനെതിരെ സുപ്രീംകോടതിയിലും നിയമപോരാട്ടം ശക്തമാകുന്നത്.

COMMENT

Recent Articles

Related Articles

Special