Follow the FOURTH PILLAR LIVE channel on WhatsApp
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരി (66) അന്തരിച്ചു. കരളിലെ അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു അന്ത്യം.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ അഭിമാനമായി കണക്കാക്കപ്പെടുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ മൂന്നു പതിറ്റാണ്ടിലേറെയായി നയിച്ച വ്യക്തിയായിരുന്നു രമേശൻ പാലേരി. ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണസംഘമായും ലോകത്തെ വലിയ ലേബർ സൊസൈറ്റികളിൽ ഒന്നായും ഊരാളുങ്കലിനെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് അദ്ദേഹം.
1984ൽ ഓവർസിയറായാണ് രമേശൻ പാലേരി ഊരാളുങ്കൽ സൊസൈറ്റിയിൽ എത്തിയത്. 1995ൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചെയർമാനായി. തുടർച്ചയായി 31 വർഷത്തിലേറെ അദ്ദേഹം സൊസൈറ്റിയെ നയിച്ചു. ഊരാളുങ്കൽ സൊസൈറ്റി പരമ്പരാഗത നിർമാണപ്രവർത്തനങ്ങളിൽനിന്ന് വൈവിധ്യവത്കരണത്തിലേക്കും ആധുനികവത്കരണത്തിലേക്കും നീങ്ങിയത് അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലാണ്.
ഐ.ടി., ടൂറിസം, ഹൗസിങ്, കൃഷി, സ്പേസ് ക്ലബ്ബ്, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിലേക്ക് സൊസൈറ്റിയുടെ പ്രവർത്തനം വ്യാപിപ്പിച്ചത് രമേശൻ പാലേരിയുടെ നേതൃത്വത്തിലാണ്. നിർമാണരംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ സൊസൈറ്റിയിൽ കൊണ്ടുവരുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1600 കോടി രൂപ ചെലവിൽ തലപ്പാടി-ചെങ്കള ദേശീയപാത നവീകരണം സൊസൈറ്റി പൂർത്തിയാക്കിയതും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു.
സഹകരണരംഗത്ത് പുതിയ വഴികൾ തുറന്ന വ്യക്തിത്വമായിരുന്നു രമേശൻ പാലേരി. ഒരു തൊഴിലാളി സഹകരണസംഘത്തെ അന്തർദേശീയ അംഗീകാരങ്ങളിലേക്ക് ഉയർത്തിയതിൽ അദ്ദേഹത്തിൻ്റെ ദീർഘദർശിത്വവും സംഘടനാപാടവവും നിർണായകമായി. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡൻ്റ് പാലേരി ചന്തമ്മൻ അദ്ദേഹത്തിൻ്റെ മുത്തച്ഛനായിരുന്നു. 32 വർഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരൻ്റെ മകനുമാണ് രമേശൻ പാലേരി. സഹകരണ പാരമ്പര്യവും തൊഴിലാളി പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയും ചേർന്ന കുടുംബപശ്ചാത്തലത്തിലാണ് അദ്ദേഹം വളർന്നത്.
സംസ്ഥാന സർക്കാരിൻ്റെ റോബർട്ട് ഓവൻ പുരസ്കാരം, ഇ.നാരായണൻ പുരസ്കാരം, ഇസാഫിൻ്റെ സോഷ്യൽ ബിസിനസ് അവാർഡ്, ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ സംഘശക്തി പുരസ്കാരം, അരങ്ങിൽ ശ്രീധരൻ പുരസ്കാരം, ഇന്ദിരാഗാന്ധി സദ്ഭാവനാ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഭാര്യ: ശോഭ. മക്കൾ: രമിൻ രമേശ്, അശ്വിൻ രമേശ്. രമിൻ രമേശ് ബിസിനസ് രംഗത്തും അശ്വിൻ രമേശ് ഖത്തറിലുമാണ്. മരുമക്കൾ: അരുണിമ, ശില്പ. അരുണിമ തിരുവനന്തപുരം യു.എൽ. സൈബറിലും ശില്പ കരിയാട് എൽ.പി. സ്കൂളിൽ അധ്യാപികയുമാണ്. സഹോദരങ്ങൾ: മോഹനൻ പാലേരി, പ്രേമ, ഉഷ, സുധ, രതീശൻ, പരേതയായ ചന്ദ്രി.
മൃതശരീരം ഉച്ചയ്ക്ക് 2ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വൈകിട്ട് 3ന് കോഴിക്കോട് ടൗൺ ഹാളിലും വൈകിട്ട് 6.30ന് വടകര ടൗൺ ഹാളിലും രാത്രി 8.30ന് യു.എൽ.സി.സി.എസ്. ആസ്ഥാനത്തും പൊതുദർശനത്തിന് വെക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നാദാപുരം റോഡിലെ വീട്ടുവളപ്പിൽ നടക്കും.























