Follow the FOURTH PILLAR LIVE channel on WhatsApp
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുന ഖാർഗെയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. കേരളത്തിലെ യു.ഡി.എഫ്. സർക്കാർ സ്വീകരിച്ച നിലപാട് കോൺഗ്രസ് പാർട്ടിയുടെ ദേശീയ നിലപാടിന് പൂർണ്ണമായും വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം രാജ്യത്തിൻ്റെ മനസ്സാക്ഷിയെ സ്വാധീനിച്ചതാണെന്ന് പിണറായി കത്തിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം അംഗീകരിക്കുകയും, കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡൽഹിയിലെ സമരം അവസാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിദ്യാർത്ഥി പ്രക്ഷോഭത്തിന് കോൺഗ്രസ് ദേശീയതലത്തിൽ പിന്തുണ നൽകിയപ്പോൾ, അതേ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ കേസെടുത്തത് വലിയ ഇരട്ടത്താപ്പാണെന്നാണ് കത്തിലെ വിമർശനം.
കേരളത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും എതിരെ 5000ത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളെന്ന് പിണറായി കത്തിൽ പറയുന്നു. വിദ്യാർത്ഥികളും യുവജനങ്ങളും മാത്രമല്ല, സമാധാനപരമായ ഐക്യദാർഢ്യ പരിപാടികളിൽ പങ്കെടുത്ത കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും കേസിൽ കുടുങ്ങിയതായി അദ്ദേഹം ആരോപിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും സാംസ്കാരിക പരിപാടികളെയും കുറ്റകരമാക്കുന്ന നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും വിയോജിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനുമെതിരാണെന്നും കത്തിൽ പറയുന്നു.
നീറ്റ് സമരക്കാരെ വേട്ടയാടിയ സംഭവത്തിൽ സുപ്രീംകോടതി നോട്ടീസ് അയച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഉൾപ്പെട്ടത് ആശങ്കാജനകമാണെന്ന് പിണറായി നേരത്തെ പ്രതികരിച്ചിരുന്നു. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, അസം, മധ്യപ്രദേശ്, ഡൽഹി എന്നിവയ്ക്കൊപ്പം കേരളവും പട്ടികയിൽ ഉൾപ്പെട്ടത് സംസ്ഥാനത്തിന് അപമാനകരമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കേന്ദ്രസർക്കാരിനെതിരെ നിലകൊണ്ട വിദ്യാർത്ഥികളെ വേട്ടയാടുന്നതിൽ കേരളത്തിലെ യു.ഡി.എഫ്. സർക്കാർ അനാവശ്യ ഉത്സാഹം കാട്ടിയെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ നേരത്തെ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തയച്ചിരുന്നു. കേസുകൾ പിൻവലിക്കണമോ എന്നതിൽ നയപരമായ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും, എന്നാൽ സർക്കാർ നിലപാട് വ്യക്തമാക്കാതെ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയെന്ന ഒഴുക്കൻ വിശദീകരണമാണ് സതീശൻ നൽകിയതെന്നും പിണറായി വിമർശിച്ചു.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതൃത്വം ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പിന്തുണയ്ക്കുമ്പോൾ, അതേ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ കേരളത്തിലെ കോൺഗ്രസ് സർക്കാർ കുറ്റവാളികളായി മുദ്രകുത്തുന്നത് രാഷ്ട്രീയമായും നൈതികമായും അംഗീകരിക്കാനാവില്ലെന്ന് ഖാർഗെയോട് പിണറായി വ്യക്തമാക്കി.
“ഡൽഹിയിലെ സമരങ്ങളെ പിന്തുണയ്ക്കുകയും കേരളത്തിൽ അതേ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ കേസിലാക്കുകയും ചെയ്യുന്ന കോൺഗ്രസ് നിലപാട് ഗുരുതരമായ ഇരട്ടത്താപ്പാണ്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യപരമായ വിയോജിപ്പിൻ്റെയും അവകാശത്തെ അടിച്ചമർത്തുന്ന സന്ദേശമാണ് നൽകുന്നത്,” എന്നാണ് കത്തിലെ പ്രധാന പരാമർശം.
കേരളത്തിൽ വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കും സാംസ്കാരിക പ്രവർത്തകർക്കും സാധാരണ പൗരന്മാർക്കും എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ നിരുപാധികം പിൻവലിക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് പിണറായി ഖാർഗെയോട് ആവശ്യപ്പെട്ടത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭം ദേശീയതലത്തിൽ ശക്തമായ രാഷ്ട്രീയചർച്ചയായി തുടരുന്നതിനിടെയാണ് കേരളത്തിലെ കേസുകൾ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുമുന്നിൽ പിണറായി ഉയർത്തിയിരിക്കുന്നത്. കോൺഗ്രസ് ദേശീയതലത്തിൽ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുമ്പോൾ കേരളത്തിലെ യു.ഡി.എഫ്. സർക്കാർ സ്വീകരിച്ച നിലപാട് പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ.

























