പാറ്റപ്പാര്‍ട്ടി സമൂഹമാധ്യമങ്ങൾക്കു പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു: ബി.ജെ.പി. അങ്കലാപ്പിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്ക് പുറത്തേക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). കാമ്പയിൻ നിർദേശങ്ങൾ തേടി സമൂഹമാധ്യമത്തിൽ തന്നെ പോസ്റ്റിട്ട് കൂട്ടായ്മയുടെ സ്ഥാപകൻ അഭിജിത് ദീപ്‌കെ. മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകിയാകും ആദ്യഘട്ട പ്രചരണം.

പാറ്റപ്പാർട്ടി സമൂഹമാധ്യമങ്ങളിൽ നിന്നു പുറത്തേക്കിറങ്ങുന്നത് ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇതുവരെ ഇവർ നടത്തിയിരുന്ന ഇടപെടലുകളെ അതേ സമൂഹമാധ്യമങ്ങളിൽ വെച്ചുതന്നെ ഇല്ലായ്മചെയ്യാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി. അനുകൂല അക്കൗണ്ടുകൾ വഴി കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. എന്നാൽ ഇതോടെ കോക്രോച്ച് പാർട്ടിക്ക് കൂടുതൽ പിന്തുണ ലഭിക്കുകയാണ് ഉണ്ടായത്.

ഇതിനുപിന്നാലെ, പൊതുവായി ഉയർന്നുവരുന്ന പ്രശ്‌നങ്ങളെക്കൂടി ഏറ്റെടുത്ത് പ്രവർത്തനം വ്യപിപ്പിക്കാൻ സി.ജെ.പി. നടപടി തുടങ്ങിയത്. സി.ബി.എസ്.ഇ., നീറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരായി സമൂഹികമാധ്യമങ്ങളിൽ ചർച്ചയാക്കുകയാണ് സി.ജെ.പി. ഇപ്പോൾ ചെയ്യുന്നത്.

മാലിന്യങ്ങൾ കുന്നുകൂടുന്നതടക്കം പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലേക്കും സിജെപി ഇടപെടൽ വ്യാപിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, നിലവിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിക്കേണ്ട വിഷയങ്ങൾ ഏതാണ് എന്നത് തങ്ങളെ അറിയിക്കാനും പിന്തുടരുന്ന ഓരോരുത്തരോടും സി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങൾ ഉയർത്തിയായിരിക്കും സിജെ.പിയുടെ ഇനിയുള്ള കാമ്പയിൻ.

തങ്ങൾ തുടങ്ങിയിട്ടേയുള്ളൂ എന്നാണ് കോക്രോച്ച് ജനതാ പാർട്ടിയും അതിൻ്റെ സ്ഥാപകൻ അഭിജിത് ദീപ്‌കെയും സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. നിലവിൽ ധർമേന്ദ്ര പ്രഥാൻ്റെ രാജിയാണ് സി.ജെ.പി. മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. അതോടൊപ്പം തന്നെ, വിദ്യാർഥികളുടെ ഭാവി ദുരിതത്തിലാക്കുന്ന സി.ബി.എസ്.ഇ., നീറ്റ് പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും സി.ജെ.പി. ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ജയ്പൂരിൽ സി.ജെ.പിയുടെ തെരുവുനാടകം ഉൾപ്പെടെ അരങ്ങേറിയിരുന്നു. അതിൻ്റെ ദൃശ്യങ്ങൾ സി.ജെ.പി. തന്നെ അവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഷെയർ ചെയ്തിരുന്നു.

Recent Articles

Related Articles

Special