Follow the FOURTH PILLAR LIVE channel on WhatsApp
തൻ്റെ പാർട്ടി പിളർത്തി എം.പിമാരെയും എം.എൽ.എമാരെയും ചാക്കിലാക്കിയ ബി.ജെ.പിക്കെതിരെ സർജിക്കൽ സ്ട്രൈക്കിനൊരുങ്ങി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. തൃണമൂലിൻ്റെ ശേഷിക്കുന്ന ഭാഗവുമായി തൻ്റെ മാതൃസംഘടനയായ കോൺഗ്രസിലേക്കു മടങ്ങാൻ അവര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
കോൺഗ്രസുമായി ലയിക്കുന്ന സാഹചര്യമുണ്ടായാൽ തൃണമൂലിന് പാർട്ടി ചിഹ്നവും സാമ്പത്തിക വിഭവങ്ങളും സംരക്ഷിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് ഈ നീക്കത്തിനു പിന്നിൽ. ലയനം നടന്നാൽ പിളർപ്പുസംഘങ്ങൾക്ക് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിലോ ഫണ്ടുകളിലോ അവകാശവാദം ഉന്നയിക്കാൻ കഴിയില്ല.
തൃണമൂൽ കോൺഗ്രസിൻ്റെ ഭരണഘടന പ്രകാരം പാർട്ടി ലയനം പോലുള്ള നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം പാർട്ടി പ്രതിനിധികൾക്കാണുള്ളത്. എം.എൽ.എമാർക്കും എം.പിമാർക്കും ഇത്തരമൊരു തീരുമാനം സ്വതന്ത്രമായി എടുക്കാനാകില്ല. നിലവിൽ പാർട്ടിക്ക് 1023 പ്രതിനിധികളുണ്ട്. ലയനം നടക്കുമോ എന്നത് ഈ പ്രതിനിധികളിലെ ഭൂരിപക്ഷത്തിന്റെ വോട്ടിലൂടെ തീരുമാനിക്കപ്പെടും.
ലയനം യാഥാർഥ്യമായാൽ ലോക്സഭയിൽ കോൺഗ്രസിൻ്റെ അംഗബലം ഗണ്യമായി വർധിക്കും. തൃണമൂലിൻ്റെ 28 എം.പിമാർ കൂടി ചേർന്നാൽ കോൺഗ്രസിൻ്റെ ശക്തി 127 ആയി ഉയരും. അത്തരം സാഹചര്യത്തിൽ ലോക്സഭയിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം തെളിയിക്കുന്നത് വിമത വിഭാഗങ്ങൾക്ക് പ്രായോഗികമായി ദുഷ്കരമാകും. 127ൻ്റെ മൂന്നിൽ രണ്ട് ഭാഗം എന്നത് 85 എം.പിമാരാണ്. കാകൊളി ഘോഷ് ദസ്തിദാറിനും മറ്റുള്ളവർക്കും ഒരു സാഹചര്യത്തിലും പ്രകടിപ്പിക്കാനോ നേടിയെടുക്കാനോ കഴിയാത്ത ഒരു കണക്കാണത്. ഈ ഘട്ടത്തിൽ മമതയുടെ തീരുമാനത്തിനൊപ്പം നില്ക്കാനാഗ്രഹിക്കാത്തവർക്ക് രാജിവെയ്ക്കുകയേ നിവൃത്തിയുള്ളൂ. അവര്‍ ബി.ജെ.പിയിൽ ചേരുകയാണെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരും.
സംസ്ഥാന നിയമസഭയിലെ സാഹചര്യവും സങ്കീര്‍ണമാണ്. തൃണമൂലും കോൺഗ്രസും ചേർന്നാൽ സംയുക്ത അംഗബലം 82 സീറ്റുകളിലെത്തും. അവിടെ ഋതബ്രതയ്ക്ക് മൂന്നിൽ രണ്ട് ഭാഗമായ 55 സീറ്റുകൾ നേടാൻ സാധിച്ചേക്കും എന്ന വിലയിരുത്തലുണ്ട്. എന്നാൽ കോൺഗ്രസുമായി ലയിക്കുകയാണെങ്കിൽ കാര്യങ്ങൾ മാറിമറിയാനും സാധ്യത നിലനില്ക്കുന്നു. ഇപ്പോൾ മമതയോട് അതൃപ്തരായ പല എം.എൽ.എമാരും കോൺഗ്രസിലേക്കു വന്നേക്കാം.
വിമതർ തിരിച്ചെത്തിയില്ലെങ്കിലും അവർക്ക് തൃണമൂലായി നില്ക്കാനാവില്ല. ഋതബ്രതയ്ക്കും സംഘത്തിനും പുതിയ രാഷ്ട്രീയ പാർട്ടിയും പ്രത്യേക തിരഞ്ഞെടുപ്പ് ചിഹ്നവും തേടേണ്ട സാഹചര്യം ഉണ്ടാകും. ഇതിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസുമായുള്ള ലയനസാധ്യത മമത ബാനർജിയുടെ രാഷ്ട്രീയ തന്ത്രത്തിലെ നിർണായക നീക്കമായി മാറുമോയെന്ന ചർച്ചകളും കൊൽക്കത്തയിൽ സജീവമായിട്ടുണ്ട്.
































