Follow the FOURTH PILLAR LIVE channel on WhatsApp
ബംഗളൂരു: കർണാടക പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. എന്നാൽ താൻ പാർട്ടി നേതൃനിരയിൽ തുടരുമെന്നും അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പ് നൽകി. അഞ്ചര വർഷത്തിലേറെയായി താൻ സംസ്ഥാന അധ്യക്ഷനാണെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നും ശിവകുമാർ പറഞ്ഞു. ‘എല്ലാകാലത്തേക്കും ഈ പദവിയിൽ തുടരാൻ എനിക്ക് കഴിയില്ല. ഈ പദവിയിൽ എത്തിയിട്ട് മാർച്ചിൽ ആറുവർഷമാകും. എല്ലാവർക്കും അവസരം നൽകണം. ഞാൻ മുൻനിരയിൽ തന്നെയുണ്ടാകും ‘ ശിവകുമാർ പറഞ്ഞു.
2020 മെയ് മാസത്തിൽ കർണാടക പിസിസി അധ്യക്ഷനായി ഡികെ ശിവകുമാർ നിയമിതനായത്.2023 മെയ് മാസത്തിൽ ഉപമുഖ്യമന്ത്രിയായപ്പോൾ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു,എന്നാൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും അഭ്യർഥന മാനിക്കുകയായിരുന്നെന്നും ശിവകുമാർ പറഞ്ഞു.

























