Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽ കാഴ്ചവച്ച മികച്ച പ്രകടനത്തിനു 2023ലെ നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അർഹമായി. ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയിൽ നിന്ന് സൊസൈറ്റി ചീഫ് പ്രൊജക്ട് മാനേജർ ടി.കെ.കിഷോർ കുമാറും മാനേജർ എം.വി.സുമേഷും അവാർഡ് ഏറ്റുവാങ്ങി.
സംസ്ഥാനത്ത് 20ൽപരം റീച്ചുകളിലായി ദേശീയപാത 6 വരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിര നിർമ്മാണസ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരത്തിനു സൊസൈറ്റിയെ പ്രാപ്തമാക്കിയത്. ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്ന തലപ്പാടി -ചെങ്കള 39 കിലോമീറ്റർ റീച്ചാണ് ഭാരത് മാല പദ്ധതിയിൽ സംസ്ഥാനത്ത് നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയാവുക. നിർമ്മാണം 90 ശതമാനവും പൂർത്തിയായി. പദ്ധതിയിൽ സംസ്ഥാനത്തെ ബാക്കി റീച്ചുകൾ രാജ്യത്തെ വമ്പൻ നിർമ്മാണക്കമ്പനികൾ ആണു നിർമ്മിക്കുന്നത്.
സമയക്ലിപ്തത, ഗുണമേന്മ, തൊഴിൽനൈപുണ്യം, പ്രൊജക്ട് മാനേജ്മെൻ്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം. മികച്ച പ്രകടനം കാഴ്ചവച്ചതിന് 2024 ഏപ്രിലിൽ ദേശീയപാതാ അതോറിറ്റിയുടെ ബെസ്റ്റ് പെർഫോർമർ പുരസ്കാരവും ലഭിച്ചിരുന്നു.
കേന്ദ്ര സഹമന്ത്രിമാരായ ഹർഷ് മൽഹോത്ര, അജയ് തംത, സെക്രട്ടറി വി.ഉമാശങ്കർ തുടങ്ങിയ പ്രമുഖർ പുരസ്കാരദാന ചടങ്ങിൽ സംബന്ധിച്ചു.