29 C
Trivandrum
Wednesday, March 12, 2025

2 പേരെക്കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടു; വലിയ സാമ്പത്തിക ബാദ്ധ്യത ഇല്ലായിരുന്നുവെന്ന് പിതാവ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ2 പേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് മൊഴി. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ട കാര്യം ആശുപത്രിയിൽ അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് വെളിപ്പെടുത്തിയത്. അതേസമയം കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് അഫാൻ്റെ പിതാവ് അബ്ദുൽ റഹീം വ്യക്തമാക്കി.

അമ്മൂമ്മ, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിൻ്റെ ഭാര്യ, സുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, അമ്മ ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തട്ടത്തുമലയിലെത്തി മറ്റു 2 പേരെക്കൂടി വകവരുത്താനായിരുന്നു ഉദ്ദേശ്യമെന്നാണ് അഫാൻ്റെ മൊഴി. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നുമാണ് പറഞ്ഞത്. എന്നാൽ അഫ്സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോർന്ന് തളർന്നുപോയെന്നും അതോടെ മറ്റു 2 പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാൻ വെളിപ്പെടുത്തി.

അഫാന്‍ വിദേശത്തേയ്ക്കു പണം അയച്ചുതന്നിട്ടില്ലെന്ന് അബ്ദുൽ റഹീം പറഞ്ഞു. താൻ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അഫാനുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. നടന്നതെന്തെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും ഭാര്യ ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അബ്ദുൽ റഹീം പറഞ്ഞു.

വെഞ്ഞാറമ്മൂട് കൂട്ടക്കൊലയുടെ കാരണം സാമ്പത്തിക ബാധ്യതയാണെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു പ്രതി അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുടുംബത്തിന് അത്രയേറെ കടബാധ്യത ഉള്ളതായി തനിക്കറിയില്ലെന്ന് അഫാൻ്റെ പിതാവ് അബ്ദുൽ റഹീം പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 65 ലക്ഷം രൂപ കടബാധ്യയുള്ളത് തനിക്കറിയില്ലെന്നും ബാങ്ക് ലോണും ഒരു മറ്റു കടങ്ങളും ഉൾപ്പെടെ 15 ലക്ഷത്തിൻ്റെ ബാധ്യതയുണ്ടെന്നും അബ്ദുൾൽ റഹീം പൊലീസിനോട് പറഞ്ഞു.

ഫർസാനയും അഫാനുമായുള്ള ബന്ധം റഹീമിന് അറിയാമായിരുന്നു. അഫാൻ പണയംവെച്ച ഫർസാനയുടെ സ്വർണം എടുക്കാൻ അടുത്തിടെ 60,000 രൂപയും അയച്ചു നൽകി. തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ലെന്നും റഹീം മൊഴിയിൽ പറയുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാൻ അബ്ദുൽ റഹിമിൻ്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.

അതേസമയം, മകൻ ആക്രമിച്ച വിവരം മറച്ചുവച്ചാണ് അഫാൻ്റെ അമ്മ ഷമീന മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയത്. കട്ടിൽനിന്നു വീണ് പരുക്കേറ്റതെന്ന് മൊഴിയിൽ ആവർത്തിച്ചു. അഫാനെ ഞായറാഴ്ച ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യം മെച്ചമായതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. അമ്മൂമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാൻഡ് ചെയ്തിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks