29 C
Trivandrum
Friday, May 9, 2025

സുനിതയും ബുച്ചും തിരിച്ചെത്തുന്നു, 8 മാസത്തിനു ശേഷം

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: 8 ദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നു് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐ.എസ്.എസ്.) പോയവരാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും. 8 മാസം കഴിഞ്ഞിട്ടും അവർക്കു മടങ്ങാനായിട്ടില്ല. ഒടുവിൽ അനിശ്ചിതത്വം നീങ്ങുകയാണ്. ഇരുവരും മാർച്ച് 19ന് ഭൂമിയിൽ നിലംതൊടും.

സ്‌പെയ്സ് എക്സിന്റെ ക്രൂ-10 ദൗത്യത്തിൽ ഇരുവരും മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് 12നാണ് ക്രൂ-10 ദൗത്യം ഐ.എസ്.എസിലേക്കു പുറപ്പെടുക. മാർച്ച് 19ന് തിരികെയെത്തുമെന്ന് സി‌.എൻ‌.എന്നിന് നൽകിയ അഭിമുഖത്തിൽ സുനിത വില്യംസും വിൽമോറും സ്ഥിരീകരിച്ചു.

ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിലാണ് സുനിതയും ബുച്ചും ഐ.എസ്.എസിലേക്കു പോയത്. സ്റ്റാർലൈനർ തകരാറിലായതോടെ ഇരുവരും അവിടെത്തുടരാൻ നിർബന്ധിതരാകുകയായിരുന്നു.

ക്രൂ-10 ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികരായ ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ഏറോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി ബഹിരാകാശ യാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കും. 6 മാസത്തെ ദൗത്യത്തിനായാണ് ഇവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നത്.

ക്രൂ-10 എത്തിയാൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൈമാറ്റ പ്രക്രിയ നടക്കും. തുടർന്ന് നിലവിൽ ബഹിരാകാശ നിലയ കമാൻഡറായ വില്യംസ് കമാൻഡ് കൈമാറും.

Recent Articles

Related Articles

Special

Enable Notifications OK No thanks