താനെ: ഡോംബിവ്ലിയിൽ ഫ്ലാറ്റിന്‍റെ 13ാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ. കുട്ടി മുകളിൽ നിന്ന് വീഴുന്നത് കണ്ടയാളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. കുട്ടിയെ രക്ഷിച്ച ഭവേഷ് എക്നാഥ് മാത്രെയെ ധാരാളം പേർ അഭിനന്ദിച്ചിട്ടുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
കഴിഞ്ഞ ദിവസം ദേവിച്ചപാഡ പ്രദേശത്താണ് സംഭവം നടന്നത്. 13ാം നിലയിലെ ബാൽക്കണിയിൽ കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൻ്റെ സി.സി.ടി.വി. ദൃശ്യത്തിലൂടെയാണ് പുറംലോകം വിവരമറിഞ്ഞത്.
വിഡിയോയിൽ, ഭാവേഷ് മാത്രെ കുട്ടിയെ പിടിക്കാൻ ഓടുന്നത് കാണാം. കുട്ടിയെ പൂർണമായി കൈയിലൊതുക്കാൻ കഴിഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്‍റെ പ്രവൃത്തി വീഴ്ചയുടെ ആഘാതം കുറച്ചു. ആശുപത്രിയിലെത്തിച്ച കുട്ടിയെ സി.ടി. സ്കാൻ അടക്കമുള്ള പരിശോധനകൾക്കു വിധേയമാക്കിയ ഡോക്ടർമാർ കാര്യമായ പരുക്കുകളില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കൂട്ടുകാരന്റെ വീട്ടിൽനിന്ന് തിരിച്ചുവരുന്ന വഴിയാണ് മുൻപിലെ കെട്ടിടത്തിലെ മുകളിലെ നിലയിൽനിന്ന് കുട്ടി വീഴുന്നത് കണ്ടത്. ഉടൻ കുട്ടിയെ രക്ഷിക്കാൻ ഓടി. ഇരുകയ്യും നീട്ടി കുട്ടിയെ പിടിക്കാനായിരുന്നു ശ്രമം. പക്ഷേ, കയ്യിൽനിന്ന് വഴുതി കാലിലും തട്ടിയ ശേഷം കുട്ടി താഴേക്കു വീഴുകയായിരുന്നു -ഭവേഷ് മാത്രെ പറഞ്ഞു. മനുഷ്യത്വത്തെക്കാൾ മഹത്തായ ഒരു മതവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭവേഷിന്റെ കൈകൾക്കു പരുക്കേറ്റിട്ടുണ്ട്.