ബെയ്ജിങ്: ഗ്വാങ്‌ഡോങ്ങില്‍നിന്നുള്ള നവദമ്പതിമാരാണ് ഏതാനും ദിവസങ്ങളeയി ചൈനയിലെ സാമൂഹികമാധ്യമങ്ങളിലെ താരങ്ങള്‍. നഴ്‌സറി പഠനകാലത്തെ കലാപരിപാടിയില്‍ വധൂവരന്മാരായി വേഷമിട്ടവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലും ഒന്നിച്ചതോടെയാണ് സാമൂഹികമാധ്യമങ്ങള്‍ ഇരുവരെയും ഏറ്റെടുത്തത്.
ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍നിന്നുള്ള യുവാവും യുവതിയും ജനുവരി 7നാണ് വിവാഹിതരായത്. ഇവരുടെ വിവാഹ വീഡിയോയാണ് നവദമ്പതിമാരെ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധയരാക്കുകയായിരുന്നു. 2 പതിറ്റാണ്ട് മുമ്പ് നഴ്‌സറി സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും. നഴ്‌സറിയില്‍ നടന്ന കലാപരിപാടിയില്‍ വധൂവരന്മാരായി ഇരുവരും വേഷമിടുകയുംചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹിതരായപ്പോള്‍ ആ പഴയ കലാപരിപാടിയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെ നവദമ്പതിമാര്‍ സാമൂഹികമാധ്യമങ്ങളിലും വൈറല്‍ താരങ്ങളായി.
നഴ്‌സറിയില്‍ ഒരുമിച്ച് പഠിച്ച രണ്ടുപേരും അതിനുശേഷം വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിച്ചത്. 2022 വരെ ഇരുവരും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാല്‍, 2022ല്‍ നഴ്‌സറിയിലെ പഴയ കലാപരിപാടിയുടെ വീഡിയോ അന്നത്തെ സഹപാഠികള്‍ക്കിടയില്‍ വീണ്ടും പ്രചരിച്ചു. ഈ വീഡിയോ കണ്ട വരന്റെ അമ്മയാണ് അന്നത്തെ ‘വധു’വിനെ കണ്ടെത്തി പ്രണയിച്ചുകൂടെയെന്ന് ചോദിച്ചത്. ഈ സമയത്ത് യുവാവ് സിംഗിളായിരുന്നതിനാലാണ് അമ്മ ഈ ആശയം മുന്നോട്ടുവെച്ചത്. ഇതോടെ യുവാവ് നഴ്‌സറിയിലെ അധ്യാപികയുടെ സഹായത്തോടെ അന്നത്തെ ‘വധു’വിനെ തേടിയിറങ്ങി. ഒടുവില്‍ ആ പെണ്‍കുട്ടിയെ കണ്ടെത്തുകയുംചെയ്തു. യുവാവിന്റെ ഭാഗ്യത്തിന് പെണ്‍കുട്ടിയും ആ സമയത്ത് സിംഗിളായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാവുകയും പിന്നാലെ വിവാഹിതരാവുകയുമായിരുന്നു.
നേരത്തെ കണ്ടുമുട്ടാതിരുന്നതില്‍ മാത്രമാണ് ഇരുവര്‍ക്കും ഖേദം തോന്നിയതെന്നും അതിനുശേഷം ഇരുവരും പ്രണയത്തിലായെന്നുമാണ് റിപ്പോര്‍ട്ട്. എന്തായാലും നവദമ്പതിമാരുടെ വിവാഹവീഡിയോക്ക് ഇതുവലെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സാമൂഹികമാധ്യമങ്ങളില്‍ ലഭിച്ചിട്ടുള്ളത്.