29 C
Trivandrum
Tuesday, February 11, 2025

വ്യവസായ മേഖലയില്‍ സുസ്ഥിര, സമഗ്ര വികസന ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ഊന്നൽ

ദാവോസ്: വ്യവസായ മേഖലയില്‍ സുസ്ഥിരവും സമഗ്രവുമായ വികസന ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ഊന്നല്‍ നല്‍കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന 55ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍(ഡബ്ല്യു.ഇ.എഫ്.) പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ എന്നിവര്‍ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്റെ സുപ്രധാന മേഖലകളെയും മന്ത്രി ഉയര്‍ത്തിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ നയ സംരംഭങ്ങള്‍ കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ മുന്നോട്ട് നയിക്കാന്‍ ഏറെ സഹായകമാണെന്ന് രാജീവ് പറഞ്ഞു. ഉത്തരവാദിത്തമുള്ളതും സമഗ്രമായതുമായ വ്യവസായ മാതൃകയ്ക്കാണ് കേരളം ഊന്നല്‍ നല്‍കുന്നത്. ‘വി ആര്‍ ചേഞ്ചിങ് ദ നേച്വര്‍ ഓഫ് ബിസിനസ്’ എന്ന സന്ദേശമാണ് ഡബ്ല്യു.ഇ.എഫിലെ കേരള പവലിയന്‍ മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലെ വ്യവസായ മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങളില്‍ ഉന്നത സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ വ്യവസായങ്ങളും എം.എസ്.എം.ഇകളും ഉള്‍പ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യാവസായിക നയം 20ലധികം മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഈ മേഖലകളില്‍ ലോകമെമ്പാടു നിന്നും നിക്ഷേപം പ്രോത്സാഹിപ്പിക്കും. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന നിര്‍ദ്ദിഷ്ട മേഖലകളും പദ്ധതികളും പ്രദര്‍ശിപ്പിക്കും. ഉച്ചകോടിക്കു മുന്നോടിയായി വിവിധ വ്യവസായ മേഖലകളെ കേന്ദ്രീകരിച്ച് നടത്തിയ സമ്മേളനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്തിരുന്നു. നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് സഹായിക്കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതെത്തിയത് ശ്രദ്ധേയ നേട്ടമാണ്. കഴിവുറ്റ പ്രൊഫഷണലുകളുടെ ലഭ്യതയും മികച്ച കാലാവസ്ഥയും കേരളത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, കെ.റാംമോഹന്‍ നായിഡു, സി.ആര്‍.പാട്ടീല്‍, ചിരാഗ് പാസ്വാന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ മൃദുല്‍ കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഡബ്ല്യു.ഇ.എഫില്‍ കേരളത്തില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘത്തെ മന്ത്രി രാജീവ് നയിക്കുന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്. ഹരികിഷോര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആർ.ഹരികൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ട്. പാനല്‍ ചര്‍ച്ചകളിലും നെറ്റ്വര്‍ക്കിംഗ് പരിപാടികളിലും കേരള പ്രതിനിധി സംഘം സംബന്ധിച്ചു. സി.ഐ.ഐ. കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനോദ് മഞ്ഞിലയും കേരള സംഘത്തോടൊപ്പമുണ്ട്.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks