തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം മധു മുല്ലശ്ശേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മധു മുല്ലശ്ശേരിയുടെ അപേക്ഷ തള്ളിയത്. മധു മുല്ലശ്ശേരി ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സി.പി.എം. ഏരിയാ സമ്മേളനത്തിനായി പിരിച്ച ഫണ്ട് വെട്ടിച്ചു എന്ന പരാതിയിലാണ് ബി.ജെ.പിയിൽ ചേർന്ന മധു മുല്ലശ്ശേരി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സമ്മേളനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പിരിവുകൾ നടത്തിയിരുന്നു. ഇങ്ങനെ പിരിച്ച 4,62,500 രൂപയുമായി ബി.ജെ.പിയിൽ ചേർന്ന മധു മുല്ലശ്ശേരി മുങ്ങിയെന്നാണ് ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് സി.പി.എം. പരാതി നൽകിയത്.
മംഗലപുരം പൊലീസ് മധു മുല്ലശ്ശേരിയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സി.പി.എം. മംഗലപുരം ഏരിയ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മധു പരാജയപ്പെട്ടിരുന്നു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ മധു പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സി.പി.എം. പുറത്താക്കി. ബി.ജെ.പിയില്‍ അംഗത്വമെടുത്ത മധു സംസ്ഥാന സമിതിയംഗമാവുകയും ചെയ്തു.