മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ്.ബാബു അന്തരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മലയാള പത്രപ്രവർത്തന രംഗത്ത് അന്വേഷണാത്മക റിപ്പോർട്ടിങ്ങിന് പുതിയ ദിശാബോധം നൽകിയ മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി മുൻ ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായിരുന്ന എൻ.ആർ.എസ്.ബാബു (എൻ.ആർ.സുഭാഷ് ബാബു-84) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. പട്ടം വൃന്ദാവൻ കോളനിയിലെ വസതിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. അമേരിക്കയിലുള്ള മകൻ ശങ്കരനാരായണൻ എത്തിച്ചേർന്നശേഷം സംസ്കാരം നടത്തും.

മലയാള മാധ്യമരംഗത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെ ശക്തമായ മുഖങ്ങളിലൊരാളായിരുന്നു എൻ.ആർ.എസ്.ബാബു. രാഷ്ട്രീയം, ഭരണകൂടം, ശാസ്ത്രം, സാഹിത്യം, സാമൂഹിക വിഷയങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം നടത്തിയ റിപ്പോർട്ടുകളും ലേഖനങ്ങളും പൊതുജനശ്രദ്ധ നേടിയിരുന്നു. സങ്കീർണമായ വിഷയങ്ങൾ പോലും സാധാരണ വായനക്കാർക്ക് എളുപ്പം മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് മാധ്യമരംഗത്ത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

1973ൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വനം കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണാത്മക ലേഖന പരമ്പരയാണ് അദ്ദേഹത്തിൻ്റെ പത്രപ്രവർത്തന ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളിൽ ഒന്ന്. മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന എസ്.ജയചന്ദ്രൻ നായരുമായി ചേർന്നാണ് അദ്ദേഹം ഈ പരമ്പര തയ്യാറാക്കിയത്. അന്നത്തെ കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ വനംവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാവുകയും ഭരണതലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് ഈ വിഷയത്തെ ആസ്പദമാക്കി ‘കാട്ടുകള്ളന്മാർ’ എന്ന ഗ്രന്ഥവും ഇരുവരും ചേർന്ന് പ്രസിദ്ധീകരിച്ചു.

തുടർന്നുള്ള വർഷങ്ങളിൽ ജല അതോറിറ്റി കുംഭകോണം, സെക്രട്ടേറിയറ്റ് ഫയൽ കുംഭകോണം തുടങ്ങിയ നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളും അദ്ദേഹം പുറത്തുകൊണ്ടുവന്നു. ഭരണകൂടത്തിലെ വീഴ്ചകളും പൊതുതാൽപര്യ വിഷയങ്ങളും ജനമധ്യത്തിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ റിപ്പോർട്ടുകൾ നിർണായക പങ്കുവഹിച്ചു. രാഷ്ട്രീയ റിപ്പോർട്ടിങ്ങിലും വിശകലനങ്ങളിലും അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു.

ശാസ്ത്ര വിഷയങ്ങൾ ജനകീയമാക്കുന്നതിലും എൻ.ആർ.എസ്.ബാബു ശ്രദ്ധേയനായിരുന്നു. 1980ലെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടുകളും വിശദീകരണങ്ങളും ഇന്നും മാധ്യമപഠന ക്ലാസുകളിൽ പരാമർശിക്കപ്പെടുന്നവയാണ്. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് രണ്ട് ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം, വിദേശയാത്രാനുഭവങ്ങൾ ഉൾക്കൊള്ളുന്ന ‘ആകാശരേഖകൾ’ എന്ന കൃതിയിലൂടെയും ശ്രദ്ധ നേടി.

പത്രപ്രവർത്തകനെന്നതിലുപരി അധ്യാപകനായും പരിശീലകനായും അദ്ദേഹം നിരവധി തലമുറകളെ വാർത്തെടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ആറ്റിങ്ങലിൽ പാരലൽ കോളേജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. സജീവ പത്രപ്രവർത്തനത്തിൽ നിന്ന് 2005ൽ വിരമിച്ചശേഷം തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി പ്രവർത്തിച്ചു. മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ അദ്ദേഹത്തിൻ്റെ ശിഷ്യരാണ്.

സംസ്ഥാനത്തെ ആദ്യകാല മൾട്ടിമീഡിയ സോഫ്റ്റ്‌വെയർ സംരംഭങ്ങളിൽ ഒന്നായ ഇൻവിസിൻ്റെ സ്ഥാപക ചെയർമാനുമായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയും മാധ്യമപ്രവർത്തനവും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ് പുതിയ തലമുറയ്ക്ക് വഴികാട്ടിയ വ്യക്തിത്വമായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ മാധ്യമ പുരസ്കാരം, ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം, എസ്.ജയചന്ദ്രൻ നായർ സ്മാരക പുരസ്കാരം, ശിവറാം അവാർഡ്, ഐ.വി.ദാസ് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ ഉമ. മക്കൾ: ശങ്കരനാരായണൻ (അമേരിക്ക), പരേതയായ ചിത്ര.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special