പെരിയ കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 സി.പി.എം. നേതാക്കൾക്ക് 5 വർഷം കഠിനതടവ്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കാസറഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ 10 പ്രതികൾക്ക് ഇരട്ടജീവപര്യന്തം. 1 മുതൽ‌ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് കോടതി ഇരട്ടജീവപര്യന്തം. ഇതു കൂടാതെ കേസിൽ പ്രതികളായ മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമൻ അടക്കം 4 സി.പി.എം. നേതാക്കൾക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഒന്നാം പ്രതി എ.പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 2 മുതൽ 8 വരെ പ്രതികളായ സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ.ശ്രീരാഗ് (കുട്ടു), എ.അശ്വിൻ (അപ്പു), സുബീഷ് (മണി), 10ാം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രൻ എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചത്. ഇവർക്ക് 2 കുറ്റകൃത്യങ്ങളിലായി 2 ലക്ഷം രൂപ പിഴയും വിധിച്ചു.

4ാം പ്രതി കെ.മണികണ്ഠൻ, 20ാം പ്രതി മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരെയാണ് 5 വർഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. 6 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് ഇരട്ടക്കൊലക്കേസ് വിധിവരുന്നത്.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്‌ലാലിനെയും 2019 ഫെബ്രുവരി 17-നാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.

അതേസമയം പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. സി.പി.എം. ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ. വരുത്തിത്തീർക്കാൻ ശ്രമിച്ചത്. രാഷ്ട്രീയമായ ലക്ഷ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കന്മാരേയും ഉള്‍പ്പെടുത്തിയെന്നും വിധിക്കെതിരെ ഉയര്‍ന്ന കോടതികളെ സമീപിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. .

കുഞ്ഞിരാമനുള്‍പ്പെടെയുള്ളവരുടെ കുറ്റം പൊലീസിന്റെ അന്വേഷണം തടസ്സപ്പെടുത്തി എന്നുള്ളതാണ്. യഥാര്‍ഥത്തില്‍ അവര്‍ പൊലീസ് അന്വേഷണത്തെ സഹായിക്കുകയാണ് ചെയ്തത്. അന്വേഷണം തടസ്സപ്പെടുത്തി എന്നാണ് വിധി വന്നിരിക്കുന്നത്. അതുകൊണ്ടാണ് രണ്ടുതരത്തിലുള്ള വിധി വന്നത്. ഇത് അവസാനത്തെ വാക്കല്ലെന്നും ഉയര്‍ന്ന കോടതികളെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

രാഷ്ട്രീയമായ ലക്ഷ്യത്തോടെ സി.പി.എമ്മിനെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച നിലപാടിനെ ശക്തിയായി കൈകാര്യം ചെയ്യും. രാഷ്ട്രീയമായ ലക്ഷ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കന്മാരേയും ഉള്‍പ്പെടുത്തി എന്നുമാത്രമേയുള്ളൂ. അവരെ കേസിന്റെ ഭാഗമാക്കാന്‍ സാധിച്ചിട്ടില്ല. അതിന് വേറെ ചില വകുപ്പുകള്‍ ഉപയോഗിച്ചു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പാര്‍ട്ടി അന്ന് തന്നെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special