തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലൊക്കേഷന്‍ കോഡ് ലഭിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN TRV 01 എന്നതാണ് പുതിയ കോഡെന്ന് തുറമുഖ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷന്‍ കോഡ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 5 പ്രാദേശിക കമ്മിഷനുകളില്‍ ഒന്നായ യുനൈറ്റഡ് നേഷന്‍സ് ഇക്കണോമിക് കമ്മിഷന്‍ ഫോര്‍ യൂറോപ് (UNECE) ഏകീകൃത ലോക്കേഷന്‍ കോഡ് വേണമെന്ന നിര്‍ദ്ദേശം വെച്ചതിനെ തുടര്‍ന്നാണ് മാറ്റം വരുത്തിയത്.
രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ ലൊക്കേഷന്‍ കോഡ് TRV എന്നതാണ്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നിര്‍ദേശം സ്വീകരിച്ചു വിഴിഞ്ഞം തുറമുഖം അതിനായി അപേക്ഷ നല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിസ്റ്റം ആന്റ് ഡേറ്റാ മാനേജ്‌മെന്റാണു ലൊക്കേഷന്‍ കോഡ് അനുവദിക്കുന്നത്. ഈ ഏജൻസി അനുവദിച്ച പുതിയ കോഡിന് അംഗീകാരം നൽകി. നാവിഗേഷന്‍, ഷിപ്പിങ് ഇതിനെല്ലാം ഇനി IN TRV 01 കോഡാണ് ഉപയോഗിക്കുക.