29 C
Trivandrum
Monday, November 17, 2025

ആനിമേഷൻ ചിത്രങ്ങൾ കാണാൻ പ്രായഭേദമന്യേ ഇടിയോടിടി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 3 ആനിമേഷൻ ചിത്രങ്ങളാണുള്ളത്. മൂന്നും കാണാൻ പ്രേക്ഷകർ ഇടിയോടിടി. സിഗ്നേച്ചർ ഇൻ മോഷൻ ഫിലിംസ് എന്ന വിഭാഗത്തിലാണ് ആനിമേഷൻ ചിത്രങ്ങൾ പ്രദ‍ർശിപ്പിച്ചത്. കഴിഞ്ഞ ഐ.എഫ്.എഫ്.കെയിലാണ് ആനിമേഷൻ ചിത്രങ്ങൾ പ്രത്യേക വിഭാഗമായി അവതരിപ്പിച്ചത്. ഇത്തവണ എത്തിയ എ ബോട്ട് ഇൻ ദ ഗാർഡൻ, ഷിർക്കോവ: ഇൻ ലൈസ് വി ട്രസ്റ്റ്, ചിക്കൻ ഫോർ ലിൻഡ എന്നിവ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി.

എ ബോട്ട് ഇൻ ദ ഗാർഡൻ

സർഗാത്മക സ്വപ്നങ്ങൾ കാണുന്ന ഫ്രാൻസ്വ എന്ന കുട്ടിയുടെ കഥയാണ് ഴാങ് ഫ്രാൻസ്വ സംവിധാനം ചെയ്ത എ ബോട്ട് ഇൻ ദ ഗാർഡൻ പറയുന്നത്. കാൻ ചലച്ചിത്രമേള ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

ഷിർക്കോവ: ഇൻ ലൈസ് വി ട്രസ്റ്റ്

പരസ്പര വ്യത്യാസം മറയ്ക്കാൻ തല കടലാസുസഞ്ചികൾ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാൻ ശുക്ല സംവിധാനം ചെയ്ത ഷിർക്കോവ: ഇൻ ലൈസ് വി ട്രസ്റ്റിൽ പറയുന്നത്. 2024ൽ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഈ സിനിമ സ്വന്തമാക്കിയിരുന്നു.

ചിക്കൻ ഫോർ ലിൻഡ

ഷിയാറ മാൾട്ടയും സെബാസ്റ്റ്യൻ ലോഡൻബാക്കും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചിക്കൻ ഫോർ ലിൻഡ. പാചകമറിയാത്ത പോളിറ്റ്, മകൾ ലിൻഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കൻ വിഭവം തയ്യാറാക്കാൻ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാർ പുരസ്‌കാരവും മാഞ്ചസ്റ്റർ ആനിമേഷൻ ഫെസ്റ്റിവലിൽ മികച്ച ആനിമേഷൻ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ആനിമേഷൻ ചിത്രങ്ങൾക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ് വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പറഞ്ഞു. ആനിമേഷൻ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നൽകേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് ഈ പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks