കൊച്ചി: ദുരന്തവേളയിലെ ഹെലികോപ്റ്റർ ഉപയോഗത്തിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തില്‍ ചെലവായ തുക സമ്പന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം അറിയിച്ചെങ്കിലും കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
Follow the FOURTH PILLAR LIVE channel on WhatsApp
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് ചോദ്യങ്ങളുയർത്തിയത്.
കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാരിന് വ്യോമസേന കത്തയച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് കത്ത് ഹൈക്കോടതിയിലെത്തിയത്. കേന്ദ്രം സമര്‍പ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്ത സമയത്ത് ചെലവായത്. ബാക്കി തുക 8 വര്‍ഷം മുന്‍പ് വരെ നടന്ന ദുരന്തങ്ങളിലെ സഹായത്തിനും കൂടി ചേര്‍ത്താണ്. ആദ്യ ബില്ല് 2006ലെ ദുരന്തത്തിന്‍റെതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നതെന്നും ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നല്‍കുന്നതെന്ന കോടതി കേന്ദ്രത്തോട് ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിടാനാകില്ലേ എന്നും കോടതി ചോദിച്ചു. ഇതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കാനും കോടതി നിർദ്ദേശിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവിട്ടു എന്നും ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ കണക്ക് കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ആശ്വാസമായി 219 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ 153 കോടി രൂപ കേന്ദ്രം അനുവദിച്ചെങ്കിലും നിബന്ധനകൾക്ക് വിധേയമായിരുന്നു. എസ്.ഡി.ആർ.എഫിലുള്ള തുകയുടെ 50 ശതമാനം വിനിയോഗിക്കുന്നതിന് അനുസൃതമായി മാത്രമേ ഈ തുക ലഭിക്കൂ എന്നതായിരുന്നു ഇത്. എന്നാൽ എസ്.ഡി.ആർ.എഫിൽ 700.5 കോടി രൂപ ഉണ്ടെങ്കിലും ഇതിൽ 638.97 കോടി രൂപയും പലവിധ ആവശ്യങ്ങൾക്കായി ഇതിനകം തന്നെ വകയിരുത്തിയിട്ടുള്ളതാണ്. ബാക്കി വരുന്ന 61.03 കോടി രൂപ മാത്രമാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. ഫലത്തിൽ 153 കോടി രൂപ ലഭിക്കില്ല എന്നതാണ് ഇതിനർഥമെന്നും സംസ്ഥാന സർക്കാർ പറയുന്നു. തുടർന്നാണ് എസ്.ഡി.ആർ.എഫിൽ മുൻ രക്ഷാപ്രവർത്തനത്തിന്റെ പ്രതിഫലമായി നീക്കി വച്ചിട്ടുള്ള 120 കോടി രൂപ അടിയന്തരമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കാമോ എന്നറിയിക്കാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.