തിരുവനന്തപുരം: താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന താലൂക്ക് അദാലത്ത് തിങ്കളാഴ്ച തുടങ്ങും. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ തിങ്കളാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
Follow the FOURTH PILLAR LIVE channel on WhatsApp
സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തൽസമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഡിസംബർ 9 മുതൽ ജനുവരി 13 വരെയാണ് അദാലത്തുകൾ സംഘടിപ്പിക്കുക.
പരാതി സമർപ്പിക്കേണ്ടത് എങ്ങനെ
karuthal.kerala.gov.in എന്ന സൈറ്റ് മുഖാന്തിമാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാവുന്നതാണ്.
പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ട്രേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും. ഡിസംബർ 7 വരെ ആകെ 8,336 പരാതികളാണ് ലഭിച്ചത്.
തിങ്കൾ / ചൊവ്വ ദിവങ്ങളിലെ താലൂക്ക് തല അദാലത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
ഡിസംബർ 9 – തിരുവനന്തപുരം താലൂക്ക്
സ്ഥലം – ഗവ. വിമൻസ് കോളേജ്
പങ്കെടുക്കുന്ന മന്ത്രിമാർ: വി.ശിവൻകുട്ടി, ജി.ആർ.അനിൽ
ഡിസംബർ 9 – കോഴഞ്ചേരി താലൂക്ക്
സ്ഥലം – റോയൽ ഓഡിറ്റോറിയം പത്തനംത്തിട്ട
പങ്കെടുക്കുന്ന മന്ത്രിമാർ: വീണാ ജോർജ്ജ്, പി.രാജീവ്
ഡിസംബർ 9 – കോഴിക്കോട് താലൂക്ക്
സ്ഥലം – പി.കൃഷ്ണപിള്ള മെമ്മോറിയൽ ഹാൾ കോവൂർ
പങ്കെടുക്കുന്ന മന്ത്രിമാർ: പി.എ.മുഹമ്മദ് റിയാസ് , എ.കെ.ശശീന്ദ്രൻ
ഡിസംബർ 9 – കോട്ടയം താലൂക്ക്
സ്ഥലം – ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ
പങ്കെടുക്കുന്ന മന്ത്രിമാർ: റോഷി അഗസ്റ്റിൻ , വി.എൻ.വാസവൻ
ഡിസംബർ 9 – കണ്ണൂർ താലൂക്ക്
സ്ഥലം – കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ
പങ്കെടുക്കുന്ന മന്ത്രിമാർ: രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ.കേളു , പി. പ്രസാദ്
ഡിസംബർ 10 – നെയ്യാറ്റിൻക്കര താലൂക്ക്
സ്ഥലം – എസ്.എൻ.ഓഡിറ്റോറിയം
പങ്കെടുക്കുന്ന മന്ത്രിമാർ: വി.ശിവൻകുട്ടി , ജി.ആർ.അനിൽ
ഡിസംബർ 10 – തലശേരി താലൂക്ക്
സ്ഥലം – കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ടൗൺ ഹാൾ
പങ്കെടുക്കുന്ന മന്ത്രിമാർ: രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ.കേളു, പി.പ്രസാദ്
ഡിസംബർ 10 – മല്ലപ്പള്ളി താലൂക്ക്
സ്ഥലം – സെന്റ് ജോൺസ് ബദനി ഓർത്തഡോക്സ് ചർച്ച് മല്ലപ്പള്ളി
പങ്കെടുക്കുന്ന മന്ത്രിമാർ: വീണാ ജോർജ്ജ്, പി. രാജീവ്
ഡിസംബർ 10 – വൈക്കം താലൂക്ക്
സ്ഥലം – സെന്റ് മേരീസ് ചർച്ച് പാരീഷ് ഹാൾ വൈക്കം
പങ്കെടുക്കുന്ന മന്ത്രിമാർ: റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ
ഡിസംബർ 10 – വടകര താലൂക്ക്
സ്ഥലം – വടകര മുനിസിപ്പൽ ടൗൺ ഹാൾ
പങ്കെടുക്കുന്ന മന്ത്രിമാർ: പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ
- ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
- സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ
- കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
- വയോജന സംരക്ഷണം
- പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
- മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
- ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ
- പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
- പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
- റേഷൻകാർഡ് (അജഘ/ആജഘ) (ചികിത്സാ ആവശ്യങ്ങൾക്ക്)
- കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
- വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
- ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
- വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി
- ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
- വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
- വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
- തണ്ണീർത്തട സംരക്ഷണം
- അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
- എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
- പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം
പരിഗണിക്കാത്ത വിഷയങ്ങൾ
- നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ
- ലൈഫ് മിഷൻ
- ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷയങ്ങൾ
- വായ്പ എഴുതി തള്ളൽ
- പൊലീസ് കേസുകൾ
- ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ
- സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)
- ജീവനക്കാര്യം (സർക്കാർ)
- റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും
അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്ടറെയും മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ അദാലത്തുകളും സംഘടിപ്പിക്കുന്നത്.