പാലക്കാട്: പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി ഡോ.പി.സരിനെ പുകഴ്ത്തി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ഉത്തമനായ ചെറുപ്പക്കാരനാണ് സരിൻ. പാലക്കാട് ജനതയ്ക്ക് ചേർന്ന മികച്ച സ്ഥാനാർഥി. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നും ഇ.പി. പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
ജയരാജന്റേത് എന്ന പേരിൽ പുറത്തുവന്ന ആത്മകഥയിൽ സരിന്റെ സ്ഥാനാർത്ഥിത്വത്തോട് അദ്ദേഹത്തിന് എതിർപ്പുണ്ടെന്ന വാർത്തകൾ വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. നല്ല സ്വതന്ത്ര സ്ഥാനാർഥിയാണ് അദ്ദേഹം. ഒരിക്കലും വയ്യാവേലിയാകില്ല. അൻവറിനെ പോലെ ഒരാളായി സരിൻ മാറുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഓരോ വ്യക്തികൾക്കും അവരുടേതായ വ്യക്തിത്വമുണ്ട് എന്നായിരുന്നു ഇ.പിയുടെ മറുപടി. ഏതെങ്കിലും ഒരാൾക്ക് പകരമാകുമെന്ന് തോന്നുന്നില്ല. ഓരോ മനുഷ്യനും അവരുടേതായ പ്രത്യേകതകളുണ്ട് -അദ്ദേഹം പറഞ്ഞു.
സരിൻ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റേത് ഇടതുപക്ഷ മനസ്സായിരുന്നു. കൃഷിക്കാരുടേയും തൊഴിലാളികളുടേയും ഒപ്പമായിരുന്നു സരിൻ. പണമുണ്ടാക്കാനുള്ള സാഹചര്യം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് അപൂർവമാണ്. അങ്ങിനെ പ്രവർത്തിച്ച് രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹത്തിന് കോൺഗ്രസിൽനിന്ന് സത്യസന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോധ്യമായി. കോൺഗ്രസ് വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നു.
ഇത്തരം പ്രവണതകളിലുണ്ടായ വിയോജിപ്പിനാലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലേക്കെത്തുന്നത്. ഈ നാടിന്റെ സമഗ്രമേഖലയിലും ഏറ്റവും മെച്ചപ്പെട്ട നിലയിൽ ഉയർത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. രാഷ്ട്രീയപ്രവർത്തനം നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ് അല്ലാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല. ജനങ്ങളുടെ വേദനകൾ നേരിട്ട് കണ്ട് മനസ്സിലാക്കി ആശ്വാസമേകാൻ സരിനാകും. അദ്ദേഹം ജയിക്കേണ്ടത് പാലക്കാടിന്റെ ആവശ്യമാണ്. അദ്ദേഹം ജയിച്ചുവരണമെന്നാണ് ഇവിടുത്തെ യുവാക്കളും സ്ത്രീകളും ആഗ്രഹിക്കുന്നതെന്നു ജയരാജൻ പറഞ്ഞു.
ആത്മകഥാ വിവാദത്തിലും ഇ.പി. പ്രതികരിച്ചു. ആത്മകഥ എഴുതുന്നതിന് പാർട്ടിയുടെ അനുമതി ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാർട്ടിയുടെ അനുവാദം വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആത്മകഥ ഇപ്പോൾ എഴുതുകയാണ്. അത് പൂർത്തിയായിട്ടില്ല. ആർക്കും പ്രസാധന ചുമതല നൽകിയിട്ടില്ല. ഡി.സി. ബുക്‌സും മാതൃഭൂമിയും സമീപിച്ചിരുന്നു. ഒരാൾക്കും കരാർ നൽകിയിട്ടില്ല. സ്വന്തമായാണ് ആത്മകഥ എഴുതുന്നത്. ആരെയും ഏൽപ്പിക്കുന്നില്ല. ഭാഷാശുദ്ധി വരുത്താൻ വേണ്ടി മാത്രം ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാൻ തനിക്ക് മാത്രമാണ് അധികാരം. ആർക്കും ചുമതല നൽകിയിട്ടില്ല. കവർ പേജ് പോലും ഇന്നലെയാണ് കാണുന്നത്. പുസ്തകം അധികം താമസിയാതെ പുറത്തിറക്കും. അപ്പോൾ കാര്യങ്ങൾ മനസ്സിലാക്കും.
ഭാഷാശുദ്ധി നോക്കാൻ നൽകിയ ആളുടെ അടുത്തും ഇക്കാര്യം പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൈയ്യിൽ നിന്ന് ചോർന്നിട്ടുണ്ടോ ഏതെങ്കിലും ഭാഗമെന്ന് നോക്കാൻ പറഞ്ഞിട്ടുണ്ട്. വിശ്വസിക്കാൻ പറ്റുന്ന ഒരു പത്രപ്രവർത്തകനെയാണ് ഇക്കാര്യം ഏല്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് എഴുതിക്കൊടുത്ത് തയ്യാറാക്കിയതിൽനിന്ന് മോഷണം പോയോ എന്ന് പരിശോധിക്കാൻ പറഞ്ഞു. ഇത് ഏങ്ങോട്ടെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കാൻ അദ്ദേഹത്തിന് നിർദേശം നൽകിയതായും ജയരാജൻ കൂട്ടിച്ചേർത്തു.
ഡി.ജി.പിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വന്നിട്ടുള്ള ഒരു കാര്യവും താൻ എഴുതിയതല്ല. ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യ പേജിൽ ഇത് വരണമെങ്കിൽ നിസ്സാരമായ കാര്യമായി കാണുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു സംഭവം ഉണ്ടായത് ആസൂത്രിതമായാണ്. പാലക്കാട്ടും ചേലക്കരയിലും ഇടതുപക്ഷം മുന്നേറുകയാണ്. ഈ രാഷ്ട്രീയസാഹചര്യം ഉയർന്നുവരുമ്പോൾ അത് ഇല്ലാതാക്കാൻ വേണ്ടി നടത്തിയതാണ്. കഴിഞ്ഞ തവണ ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാർത്ത തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവിട്ടതും ആസൂത്രിതമായിരുന്നു.
ഡി.സി. ബുക്‌സുമായി യാതൊരു കരാറുമില്ല. ഇതുവരെ എഴുതിയതിൽ തെറ്റു തിരുത്താൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. മാധ്യമങ്ങൾ വഴിയാണ് ഇത് അറിയുന്നത്. അപ്പോൾ തന്നെ ഡി.സി. ബുക്‌സുമായി ബന്ധപ്പെട്ടിരുന്നു. എങ്ങിനെയാണ് ഇത് സംഭവിച്ചത് എന്ന് അവരോട് ചോദിച്ചിരുന്നു. എന്നാൽ, അവർ കൃത്യമായി മറുപടി തന്നിട്ടില്ല -ജയരാജൻ പറഞ്ഞു.