തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊർജ്ജം പകർന്ന് സീ പ്ലെയ്‌നിന്റെ പരീക്ഷണ പറക്കൽ വിജയം. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം അര മണിക്കൂറിനു ശേഷം ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ വിജയകരമായി ലാൻഡ് ചെയ്തു.
കേരളത്തിന്റെ വികസനക്കുതിപ്പിൽ നിർണ്ണായക ചുവടുവെയ്പാകും സീ പ്ലെയ്ൻ എന്നുറപ്പ്. പദ്ധതിക്കൊപ്പം വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. സീ പ്ലെയ്ൻ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലിയാണ് തർക്കവും വിവാദവുമെല്ലാം. കേരളത്തിൽ ആദ്യമായി സീ പ്ലെയ്ൻ ആരംഭിച്ചത് ഉമ്മൻ ചാണ്ടിയാണെന്നും ആ പദ്ധതി സി.പി.എം. പിന്തുണയോടെ മത്സ്യത്തൊഴിലാളികൾ സമരം ചെയ്തു പൂട്ടിച്ചുവെന്നുമൊക്കെയാണ് കോൺഗ്രസ്സുകാർ പറയുന്നത്.
പക്ഷേ, പ്രധാന ചോദ്യം ഉദ്ഘാടനം കൊണ്ടുമാത്രം ഒരു പദ്ധതി മുന്നോട്ടുപോകുമോ എന്നുള്ളതാണ്? എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ സീ പ്ലെയ്ൻ പറക്കാതിരുന്നത്?
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ കായലോര വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ പ്രതീക്ഷ പകർന്നാണ് 2013 ജൂണിൽ സീ പ്ലെയ്ൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. അഷ്ടമുടി, പുന്നമട, ബോൾഗാട്ടി, കുമരകം, ബേക്കൽ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, ആലപ്പുഴയിലെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.
കൊല്ലത്തെ അഷ്ടമുടിക്കായലിൽനിന്ന് ആലപ്പുഴ പുന്നമടയിലേക്കായിരുന്നു ആദ്യയാത്ര നിശ്ചയിച്ചിരുന്നത്. അതും പരീക്ഷണ പറക്കൽ തന്നെ. ഉദ്ഘാടന ദിവസം ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ കായലിൽ വള്ളമിറക്കി പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വള്ളത്തിൽ കയറി പ്രതിഷേധിക്കുകയും വലയെറിയൽ സമരം നടത്തുകയും ചെയ്തു. മീൻപിടിത്തവും കക്കവാരലും തടസ്സപ്പെടുമെന്നും പാരിസ്ഥിതികാഘാതപഠനം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
സെസ്‌ന-206 എച്ച് ആംഫീരിയർ എന്ന ചെറുവിമാനമാണ് പുന്നമടയിൽ ഇറങ്ങേണ്ടിയിരുന്നത്. പൈലറ്റ് ഉൾപ്പെടെ ആറു പേർക്കു യാത്രചെയ്യാമായിരുന്നു. ലാൻഡ് ചെയ്യുന്നതിന് സ്ഥിരം സംവിധാനം വേണ്ടാത്ത വിമാനമായിരുന്നിത്. സീ പ്ലെയ്ൻ അടുപ്പിക്കുന്നതിന് പുന്നമടയിൽ പ്രത്യേക ജെട്ടി നിർമിച്ചിരുന്നു. സംഘർഷമുണ്ടാകുമെന്ന വിലയിരുത്തലിൽ അവിടെ വിമാനമിറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല.
യു.ഡി.എഫ്. സർക്കാർ സംഘടിപ്പിച്ച എമർജിങ് കേരളയിലാണു സംസ്ഥാനത്ത് സീ പ്ലെയ്ൻ പദ്ധതി അവതരിപ്പിച്ചത്. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (കെ.ടി.ഐ.എൽ) പദ്ധതിയുടെ നടത്തിപ്പു ചുമതല നൽകി. കേരള ഏവിയേഷൻ കമ്പനി, കൈരളി എയർലൈൻസ്, സീബേർഡ് സീ പ്ലെയ്ൻ സർവീസസ് തുടങ്ങിയ കമ്പനികളാണ് അന്നു രംഗത്തെത്തിയത്. ഇവരിൽ ആരും ഇവിടെ നിലനില്ക്കാത്തത് എന്താണ് എന്ന ചോദ്യമുയരുന്നു. സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല എന്നർത്ഥം.
പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ തങ്ങൾക്കുള്ള ആശങ്കകൾ മത്സ്യത്തൊഴിലാളികൾ ഉമ്മൻ ചാണ്ടി സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ആശങ്കകൾ അകറ്റാനും മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുക്കാനും കാര്യമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇങ്ങനെ ഒന്നും ചെയ്യാതിരുന്നിട്ടു തന്നെ ആശങ്കകൾ എല്ലാം പരിഹരിച്ചുവെന്നും സീ പ്ലെയ്ൻ ആരംഭിക്കുമെന്നും അന്നത്തെ ടൂറിസം മന്ത്രി എ.പി.അനിൽ കുമാർ അറിയിച്ചു. 2013 ലെ പരീക്ഷണ പറക്കലിനും മത്സ്യത്തൊഴിലാളി സമരങ്ങൾക്കും ശേഷം 2014ൽ സീ പ്ലെയ്ൻ പദ്ധതി ആരംഭിക്കുന്നു എന്ന് യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ചു. മണിക്കൂറിന് 6,000 രൂപ നിരക്കും നിശ്ചയിച്ചു. ആദ്യത്തെ സീ പ്ലെയ്ൻ അനുമതി ലഭിച്ചത് കൈരളി ഏവിയേഷനാണ്. എന്നാൽ, വിമാനം പറന്നില്ല.
പരീക്ഷണ പറക്കലിനു ശേഷം കേന്ദ്ര സിവിൽ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട് കൃത്യമായി കാര്യങ്ങൾ പിന്തുടർന്ന് പദ്ധതി നടപ്പാക്കാൻ ഒരു ശ്രമവും യു.ഡി.എഫ്. സർക്കാർ നടത്തിയില്ല എന്നതാണ് യാഥാർത്ഥ്യം. അതിന്റെ ഫലമായി കേരളത്തിൽ എത്തിയ കൈരളി ഏവിയേഷൻ വക സീ പ്ലെയ്ൻ കുറെക്കാലം കൊച്ചി വിമാനത്താവളത്തിൽ തുരുമ്പെടുത്തു കിടന്നു. കൈരളി ഏവിയേഷന് ശേഷം ഭാരത് ഏവിയേഷൻ, മെഹെയ്, പവൻ ഹൻസ്, വിംഗ്സ് ഏവിയേഷൻ എന്നിങ്ങനെ നിരവധി കമ്പനികൾ കേരളത്തിലേക്ക് വന്നു. ഒരൊറ്റ കമ്പനിക്ക് പോലും യു.ഡി.എഫ്. സർക്കാർ ആവശ്യമായ പിന്തുണയേകിയില്ല.
ഇപ്പോൾ പിണറായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കാൻ ശ്രമിച്ച പദ്ധതിയുമായുള്ള സാമ്യം ‘സീ പ്ലെയ്ൻ’ എന്ന പേരിൽ മാത്രമാണ്. കായലുകൾ കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫിന്റെ സീ പ്ലെയ്‌നെങ്കിൽ എൽ.ഡി.എഫ്. ആസൂത്രണം ചെയ്തിരിക്കുന്നത് അണക്കെട്ടുകളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ്. കായലുകളിലൂടെ പദ്ധതി നടപ്പാക്കിയാൽ മത്സ്യത്തൊഴിലാളികൾ ഉയർത്താനിടയുള്ള എതിർപ്പ് സർക്കാർ മുൻകൂട്ടി കണ്ടു എന്നർത്ഥം.
സീ പ്ലെയ്ൻ പരീക്ഷണ പറക്കൽ ഇത്തവണ വിജയകരമായി പൂർത്തിയാപ്പോഴും മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്ന് മുമ്പുള്ളതുപോലെ എതിർപ്പ് വന്നിട്ടുണ്ട്. സി.പി.എം. എം.എൽ.എയും മത്സ്യത്തൊഴിലാളി നേതാവുമായ പി.പി.ചിത്തരഞ്ജനും സി.പി.ഐ. ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസുമാണ് ആദ്യം എതിർ ശബ്ദമുയർത്തിയത്. അതൊരു തെറ്റായി സർക്കാർ കാണുന്നില്ല എന്നതാണ് ശ്രദ്ധേയം. മത്സ്യത്തൊഴിലാളി നേതാക്കൾ എന്ന നിലയിൽ ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്തേണ്ടത് അവരുടെ അവകാശവും ഉത്തരവാദിത്വവുമാണ് എന്നാണ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
‘കായലുകൾ കേന്ദ്രീകരിച്ചല്ല ഇപ്പോൾ സീ പ്ലെയ്ൻ പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പായ ഡാമുകൾ കേന്ദ്രീകരിച്ചാണ്. അവിടെ സീ പ്ലെയ്ൻ ഇറക്കുന്നതിന് തൊഴിലാളി സംഘടനകൾ എതിർപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഇനി ഭാവിയിൽ കായലുകളിലേക്ക് പദ്ധതി വരികയാണെങ്കിൽ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തി ആശങ്കയ്ക്കു പരിഹാരമുണ്ടാക്കിയിട്ടേ മുന്നോട്ടു നീങ്ങൂ’ -അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ഭരണകാലത്ത് അന്നത്തെ ഭരണകക്ഷിക്കൊപ്പം നില്ക്കുന്ന ട്രേഡ് യൂണിയനും സീ പ്ലെയ്ൻ പദ്ധതിയെ എതിർത്തു രംഗത്തു വന്നിരുന്ന കാര്യം റിയാസ് ഓർമ്മിപ്പിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിന്നു വ്യത്യസ്തമായി കേന്ദ്ര വ്യോമയാന നയങ്ങളിലും ചട്ടങ്ങളിലും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രാദേശിക വിമാനത്താവളങ്ങളും വിമാനയാത്രയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ഉടെ ദേശ് കേ ആം നാഗരിക് -ഉടാൻ’ പദ്ധതി ഇതിലുൾപ്പെടുന്നു. നേരത്തേ വിജയിക്കാതിരുന്ന സീ പ്ലെയ്ൻ പദ്ധതി ഇപ്പോൾ വിജയിക്കും എന്നു പറയാൻ അതും ഒരു പ്രധാന കാരണമാണ്. സീ പ്ലെയ്ൻ സർവീസിന് അഞ്ച് കമ്പനികൾ താത്പര്യമറിയിച്ചിട്ടുണ്ട്. എൻഹാൻസ് ഏവിയേഷൻ സർവീസസ്, ചിപ്‌സൺ ഏവിയേഷൻ, പിനക്കിൾ എയർ, കൈരളി ഏവിയേഷൻ, ഗാർഡിയൻ ഏവിയേഷൻ ഇന്റർനാഷണൽ എന്നിവരാണ് കേരളത്തിലെ ഈ പദ്ധതി സ്വന്തമാക്കാൻ ഇപ്പോൾ മത്സരിക്കുന്നതെന്ന് അറിവായിട്ടുണ്ട്.
ഡി ഹാവ് ലാൻഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീ പ്ലെയ്നാണ് ഇപ്പോൾ കൊച്ചിയിൽ എത്തിയത്. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ നവംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയർക്രാഫ്റ്റാണിത്. കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവരായിരുന്നു വിമാനത്തിന്റെ പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സയ്യിദ് കമ്രാൻ ഹുസൈൻ, മോഹൻ സിങ് തുടങ്ങിയവർ ക്രൂ അംഗങ്ങളും.
രണ്ട് മീറ്റർ ആഴം (ഡ്രാഫ്റ്റ്) മാത്രമാണ് സീ പ്ലെയ്ൻ ലാൻഡ് ചെയ്യുന്നതിന് ആവശ്യം. വേലിയേറ്റസമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസ്സങ്ങൾ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സീ പ്ലെയ്ൻ ലാൻഡ് ചെയ്തത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചു.
ഒരു പദ്ധതി നടപ്പാക്കുമ്പോൾ ഉദ്ഘാടനത്തിന് അപ്പുറം അതെങ്ങനെ മുന്നോട്ടു നീക്കണമെന്ന് ചിന്തിച്ചിരുന്നില്ല എന്നതാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ പ്രശ്നം. പിണറായി സർക്കാർ വ്യത്യസ്തത പുലർത്തുന്നത് അവിടെയാണ്. പദ്ധതി നടപ്പാക്കി എങ്ങനെ വിജയിപ്പിക്കാനാവുമെന്ന് ആദ്യമേ തന്നെ കണക്കുകൂട്ടുകയും അതനുസരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കുകയും ചെയ്യുന്നു. യു.ഡി.എഫ്. സർക്കാർ നടപ്പാക്കാനാവില്ലെന്നു പറഞ്ഞ് ഒതുക്കിവെച്ച ദേശീയ പാത വികസനം, ഗെയ്ൽ പൈപ്പ് ലൈൻ, പവർ ഗ്രിഡ് എന്നിങ്ങനെയുള്ള പദ്ധതികൾ വിജയകരമായി മുന്നോട്ടു നീക്കിയതു തന്നെ ഉദാഹരണം. സീ പ്ലെയ്ൻ ആ പട്ടികയിലെ പുതിയ ഇനമാണ്.