പാലക്കാട്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വലംകൈ ഒരു മലയാളിയാണ് -വിവേക് ഗണപതി രാമസ്വാമി. ട്രംപിന്റെ ക്യാബിനറ്റിലെ പ്രധാനപ്പെട്ട രണ്ടു മുഖങ്ങളില്‍ ഒരാളാണ് ഈ 38കാരന്‍. ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് (ട്വിറ്റര്‍) എന്നിവയുടെ മേധാവിയുമായ ഇലോണ്‍ മസ്‌കാണ് മറ്റൊരാള്‍. പുതുതായി രൂപം നല്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചുമതലയായിരിക്കും ഇവര്‍ക്ക്.
Follow the FOURTH PILLAR LIVE channel on WhatsApp
സംരംഭകനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപിനെതിരേ മത്സരിച്ചിരുന്ന വ്യക്തിയുമാണ് വിവേക് രാമസ്വാമി. അയോവ കോക്കസുകളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തുില്‍ നിന്ന് പിന്മാറുകയും ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പെന്‍സില്‍വേനിയയിലെ സ്‌ക്രാന്റണില്‍ നടന്ന റാലിയില്‍ വച്ച് വിവേക് രാമസ്വാമിക്ക് പ്രധാന കാബിനറ്റ് റോള്‍ നല്‍കുന്നതിനെക്കുറിച്ച് ട്രംപ് സൂചന നല്‍കിയിരുന്നു.
ഒഹായോയിലെ സിന്‍സിനാറ്റിയില്‍ 1985 ഓഗസ്റ്റ് ഒമ്പതിണ് വിവേക് രാമസ്വാമി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളത്തിലെ പാലക്കാട് നിന്നും കുടിയേറിയവരാണ്. പാലക്കാട് വടക്കഞ്ചേരി സ്വദേശി വി.ജി.രാമസ്വാമിയുടെയും തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമിയയുടെയും മകനാണ് വിവേക്. രാമസ്വാമി കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബിരുദം നേടി, ജനറല്‍ ഇലക്ട്രിക്കില്‍ എന്‍ജിനീയറായും പേറ്റന്റ് അറ്റോര്‍ണിയായും ജോലി ചെയ്തു. ഗീത രാമസ്വാമി മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ മനഃശാസ്ത്രജ്ഞയാണ്. തമിഴാണ് കുടുംബത്തില്‍ സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.
ഹാര്‍വാര്‍ഡ് കോളേജില്‍ നിന്നും യേല്‍ ലോ സ്‌കൂളില്‍ നിന്നും ബിരുദം നേടിയ വിവേക് 2014ല്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സസ് സ്ഥാപിച്ചു. 2021ല്‍ റോയിവന്റ് സയന്‍സസില്‍ നിന്ന് വിരമിച്ച ശേഷം സ്‌ട്രൈവ് അസറ്റ് മാനേജ്മന്റ് എന്ന നിക്ഷേപ സ്ഥാപനത്തിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനും ആയി പ്രവര്‍ത്തിച്ചു. 2020 മുതല്‍, അദ്ദേഹം സ്റ്റേക്ക്ഹോള്‍ഡര്‍ തിയറി, ബിഗ് ടെക്, ക്രിട്ടിക്കല്‍ റേസ് തിയറി എന്നിവക്കെതിരെ വിമര്‍ശനാത്മകമായി എഴുതുകയും സംസാരിക്കുകയും ചെയ്തു.
സെനറ്റര്‍ റോബ് പോര്‍ട്ട്മാന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 2022ലെ തിരഞ്ഞെടുപ്പില്‍ വിവേക് രാമസ്വാമി മത്സരിക്കുമെന്ന് മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഒടുവില്‍ അദ്ദേഹം അത് നിരസിച്ചു. തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. പിന്നീടാണ് മത്സരത്തില്‍ നിന്നു പിന്മാറി ട്രംപിനൊപ്പം ചേര്‍ന്നത്.
പ്രചാരണസംഘത്തിലെ മലയാളി സാന്നിദ്ധ്യം
ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ സംഘത്തിലും ശ്രദ്ധേയ സാന്നിദ്ധ്യമായി ഒരു മലയാളിയുണ്ടായിരുന്നു. കൊല്ലം കുമ്പനാട്ടുകാരന്‍ സ്റ്റാന്‍ലി ജോസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ ഉപദേശകസമിതി അംഗമാണിദ്ദേഹം. ഇത്തവണ പെന്‍സില്‍വേനിയയില്‍ ന്യൂനപക്ഷങ്ങളായ കറുത്തവര്‍ഗക്കാര്‍, ഏഷ്യക്കാര്‍, സ്‌പെയിന്‍കാര്‍ എന്നിവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരമാവധി വോട്ട് നേടുക എന്നതായിരുന്നു നിയോഗം.
പുനലൂര്‍ ഹൈസ്‌കൂളിലെ കെ.എസ്.യു. നേതാവായാണ് സ്റ്റാന്‍ലി രാഷ്ട്രീയജീവിതം തുടങ്ങുന്നത്. സ്റ്റാന്‍ലിയുടെ അച്ഛന്‍ കുമ്പനാട് വാക്കേപ്പടിക്കല്‍ വി.സി.ജോര്‍ജ് രാഷ്ട്രീയക്കാരനായിരുന്നു. പഴയ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് ടി.എം.വര്‍ഗീസിനൊപ്പമായിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യ പെന്തക്കോസ്ത് സഭയുടെ പാസ്റ്റര്‍ ആയി. അച്ഛനോടൊപ്പം പുനലൂര്‍, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായിരുന്നു സ്റ്റാന്‍ലിയുടെ വിദ്യാഭ്യാസം. പിന്നീട് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടി ഷെര്‍ളി ജോര്‍ജിനെ വിവാഹം ചെയ്തു. അങ്ങനെ അമേരിക്കയിലെത്തി.
അവിടെ ജോലിചെയ്ത റസ്റ്റാറന്റാണ് വഴിത്തിരിവായത്. അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്രജ്ഞനായ എഡ് റോളിന്‍സ് അവിടെ വരുമായിരുന്നു. പ്രസിഡന്റ് റെയ്ഗന്റെ പ്രചാരണസമിതി ചെയര്‍മാനായിരുന്ന അദ്ദേഹവുമായി ചങ്ങാത്തത്തിലായി. ചില കാമ്പെയിനുകളില്‍ പങ്കാളിയായി. റോളിന്‍സ് പിന്നീട് ട്രംപിന്റെ പ്രചാരണ ജോലികള്‍ ഏറ്റെടുത്തതോടെ സ്റ്റാന്‍ലിയെയും ഒപ്പം കൂട്ടി.