കൊച്ചി: കളമശ്ശേരിയിലെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ്ഹൗസിൽ ചട്ടം ലംഘിച്ച് രാഷ്ട്രീയ യോഗം സംഘടിപ്പിക്കാൻ പി.വി.അൻവർ എം.അൽ.എ. നടത്തിയ നീക്കം വ്യക്തമായ ലക്ഷ്യത്തോടെ. റെസ്റ്റ് ഹൗസിൽ രാഷ്ട്രീയ പാർട്ടി യോഗം സംഘടിപ്പിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനില്ക്കുന്നതിനാൽ തനിക്ക് അനുമതി കിട്ടില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. ഈ സാഹചര്യത്തിൽ യോഗത്തിന് സർക്കാർ അനുമതി നിഷേധിച്ചു എന്ന പേരിൽ സമരനാടകം നടത്തുക തന്നെയായിരുന്നു ലക്ഷ്യം.
Follow the FOURTH PILLAR LIVE channel on WhatsApp
വ്യാഴാഴ്ച്ച വൈകീട്ട് 6.30നാണ് അൻവർ കളമശ്ശേരി പത്തടിപ്പാലത്തെ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലെത്തിയത്. മുസ്ലിം ലീഗിൽ വിഭാഗീയത മൂർഛിച്ചു നിൽക്കുന്ന എറണാകുളത്തെ ലീഗ് വിമതരെ കൂട്ടി യോഗം സംഘടിപ്പിക്കലായിരുന്നു ലക്ഷ്യം. ഇതിനായി അൻവർ തിരഞ്ഞെടുത്തത് റെസ്റ്റ് ഹൗസായിരുന്നു.പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റെസ്റ്റ് ഹൗസിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം നടത്തരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്നു. എം.എൽ.എയായ അൻവറിന് ഈ ഉത്തരവു സംബന്ധിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ചെറുതും വലുതുമായ നിരവധി ഹാളുകൾ എറണാകുളത്തുണ്ടായിട്ടും യോഗം നടതതാൻ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് വേദിയാക്കിയത് വിവാദമുണ്ടാക്കാൻ തന്നെയായിരുന്നു എന്നത് ഉറപ്പാണ്.
യോഗത്തിന് സ്ഥലം അനുവദിച്ചില്ല എന്ന പേരിൽ അൻവറും അനുയായികളും റെസ്റ്റ് ഹൗസിന്റെ മുന്നിൽ കസേരയിട്ട് യോഗം നടത്തി പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി എനിക്കെതിരെ വാളെടുത്ത് വീശുമ്പോൾ മരുമകൻ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടെന്നും എന്റെ നീക്കത്തെ തടയാൻ കഴിയല്ല’ അൻവർ പറഞ്ഞു. ജില്ലാതല പരിപാടികൾ സംഘടിപ്പിക്കുന്നതിനായി സ്വകാര്യ യോഗം നടത്താനാണ് ഹാൾ ചോദിച്ചത്. 50 ആളുകൾക്ക് ഇരിക്കാനായുള്ള ഹാളിനാണ് രാവിലെ അപേക്ഷ നൽകിയതെന്നും അത് നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എ. എന്ന നിലയിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ഔദ്യോഗികമായി ഉദ്യോഗസ്ഥരുടെ ഒരു യോഗം നടത്താൻ അൻവറിന് അധികാരമുണ്ട്. എന്നാൽ, അണികളെ വിളിച്ച് ചേർത്ത് ഒരു രാഷ്ട്രീയ യോഗം റെസ്റ്റ് ഹൗസിൽ നടത്താൻ ആർക്കും സാധിക്കില്ല. അതിന് നിലവിലുള്ള നിയമങ്ങൾ അനുവദിക്കുന്നില്ല. സർക്കാരിന്റെ കീഴിലുള്ള കെട്ടിടങ്ങൾ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യമല്ലെന്ന ഉത്തരവ് നേരത്തേ തന്നെ നിലവിലുണ്ട്.
സ്വകാര്യ യോഗമാണ് നടത്തിയതെന്ന അൻവറിന്റെ വാദമനുസരിച്ചാണെങ്കിലും റെസ്റ്റ് ഹൗസ് അനുവദിക്കാനാവില്ല എന്നതാണ് വസ്തുത. 2020 മാർച്ച് 19ന് പൊതുമരാമത്ത് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് റെസ്റ്റ് ഹൗസിലെ മുറികളും മറ്റു സൗകര്യങ്ങളും അനുവദിക്കപ്പെടുന്നത്. ഒരു സ്വകാര്യ യോഗം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടത്തണമെങ്കിൽ അത് 20 ദിവസം മുൻപ് മുൻകൂട്ടി ബുക്ക് ചെയ്യണം എന്നാണ് ഈ ഉത്തരവിലെ വ്യവസ്ഥ. മാത്രമല്ല, സുരക്ഷാ നിക്ഷേപം അടക്കമുള്ള തുക അടയ്ക്കണം. അത് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ ബുക്കിങ് കൺഫർമേഷൻ വരും. ഇത്രയും നടപടി ക്രമങ്ങൾ ഉണ്ട്. ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് അൻവർ റെസ്റ്റ് ഹൗസ് നൽകുന്നില്ല എന്ന പരാതിയുമായി കുത്തിയിരിപ്പ് സമരം നടത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് അൻവർ റെസ്റ്റ് ഹൗസ് ബുക്ക് ചെയ്യാൻ ഇ-മെയിൽ അയച്ചത്. സ്വകാര്യ യോഗത്തിനാണെങ്കിൽ 20 ദിവസം മുമ്പ് ബുക്ക് ചെയ്യണം എന്ന വ്യവസ്ഥ അവിടെ പാലിച്ചില്ല. എന്നിട്ടും, ചേരുന്ന യോഗം എന്തിനാണെന്നു വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് റെസ്റ്റ് ഹൗസ് അധികൃതർ തിരികെ മെയിൽ അയച്ചുവെങ്കിലും മറുപടിയിൽ വ്യക്തതയുണ്ടായില്ല. അതുകൊണ്ടാണ് അനുമതി നല്കാതിരുന്നതെന്ന് റെസ്റ്റ് ഹൗസുകളുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
രാഷ്ട്രീയ യോഗമല്ല എന്നാണ് അൻവർ വാദിച്ചതെങ്കിലും അദ്ദേഹത്തോടൊപ്പം യോഗത്തിൽ പങ്കെടുത്തതു മുഴുവൻ രാഷ്ട്രീയക്കാർ തന്നെയാണ്. മുസ്ലിം ലീഗിലെ സംഘടനാ നടപടിക്ക് വിധേയനായ മുൻ ജില്ലാ പ്രസിഡന്റ് പറക്കാട്ട് ഹംസ, യു.ഡി.എഫിൽ നിന്ന് വിട്ടു നിൽക്കുന്ന കളമശ്ശേരി നഗരസഭാ കൗൺസിലർ കെ.എച്ച്.സുബൈർ തുടങ്ങിയവരാണ് അൻവറിനൊപ്പമുണ്ടായിരുന്ന പ്രമുഖർ.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം റെസ്റ്റ് ഹൗസുകൾ ഓൺലൈൻ ബുക്കിങ് സംവിധാനങ്ങളുൾപ്പെടെ ഏർപ്പെടുത്തി ജനകീയമാക്കിയിട്ടുണ്ട്. മൂന്ന് വർഷം കൊണ്ട് 20 കോടിയോളം രൂപയുടെ വരുമാനമാണ് ഇതിലൂടെ സർക്കാരിനുണ്ടായത്. ഈ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് റിയാസ് ഇടയ്ക്ക് വിലയിരുത്തുന്നുമുണ്ട്. സാധാരണക്കാർ വലിയതോതിൽ ആശ്രയിക്കുന്ന റെസ്റ്റ് ഹൗസുകളിലെ മുറികളിൽ എല്ലാ ദിവസവും ഇപ്പോൾ ബുക്കിങ്ങാണ്.