ആലപ്പുഴ: സംസ്ഥാനത്തെ കളക്ടറേറ്റില്‍ ആദ്യമായി ഒരു വനിതാ ഡഫേദാര്‍ നിയമിതയായി. ചേര്‍ത്തല ചെത്തി അറയ്ക്കല്‍ വീട്ടില്‍ കെ.സിജിയാണ് ഈ സ്ഥാനത്തെത്തിയത്. വെള്ള ചുരിദാറും ഷൂവും ചുവന്ന ക്രോസ്‌ബെല്‍റ്റും സര്‍ക്കാര്‍ മുദ്രയും ധരിച്ച് ആലപ്പുഴ കളക്ടറുടെ മുറിക്കു മുന്നില്‍ സിജി നില്‍ക്കുമ്പോള്‍ അതു ചരിത്രം.
ജോലിസമയത്തില്‍ കൃത്യതയില്ലാത്തതിനാല്‍ പൊതുവേ ആളുകള്‍ മടിക്കുന്നതാണ് ഈ ജോലി. മുന്‍ ഡഫേദാര്‍ എ.അഫ്‌സല്‍ ക്ലാര്‍ക്കായി സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍വന്ന ഒഴിവിലാണ് സിജിയുടെ നിയമനം. ജില്ലയിലെ ഏറ്റവും സീനിയറായ ഓഫീസ് അസിസ്റ്റന്റിനെയാണ് കളക്ടറുടെ ഡഫേദാറായി നിയമിക്കുക.
‘ഞാന്‍ ഏറെ ആഗ്രഹിച്ചതാണ്. അടുത്ത ഡഫേദാര്‍ ആരെന്ന ചോദ്യമുയര്‍ന്നപ്പോഴേ സമ്മതമറിയിച്ചു. കളക്ടറടക്കമുള്ളവര്‍ പിന്തുണച്ചു. ആഗ്രഹം സാധിച്ചത് വിരമിക്കാന്‍ ആറുമാസം മാത്രമുള്ളപ്പോഴാണല്ലോയെന്ന സങ്കടമേയുള്ളൂ’ -സിജി പറഞ്ഞു.
പവര്‍ലിഫ്റ്റിങ്ങില്‍ അഞ്ചുവര്‍ഷം ദേശീയ ചാംപ്യനായ സിജിക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ജോലികിട്ടിയത്. 2000ല്‍ മികച്ച വനിതാ കായിക താരത്തിനുള്ള ജി.വി.രാജ പുരസ്‌കാരം നേടിയിട്ടുണ്ട്. ഭര്‍ത്താവ് ജോസഫ് വി.അറയ്ക്കല്‍. വര്‍ണാ ജോസഫ്, വിസ്മയ ജെ.അറയ്ക്കല്‍ എന്നിവര്‍ മക്കളാണ്.