തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരനഗരിയിലേക്കെത്താന്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും അതു കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂര്‍ പൂരസ്ഥലത്ത് ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. താന്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പോയതെന്നും ആംബുലന്‍സില്‍ വന്നത് കണ്ടുവെന്നത് മായക്കാഴ്ചയാണെന്നുമായിരുന്നു വാദം. എന്നാല്‍ സുരേഷ് ഗോപി സേവഭാരതിയുടെ ആംബുലന്‍സില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിച്ചിരുന്നു.
ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞത് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ മൊഴി പോലീസ് എടുത്തിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ആ മൊഴി പ്രകാരം പോലീസ് കേസെടുക്കാത്തത്. ഞാന്‍ വെല്ലുവിളിക്കുന്നു. ആംബുലന്‍സില്‍ തന്നെയാണ് പൂരനഗരിയില്‍ എത്തിയത്. കാലിനു സുഖമില്ലാത്തതിനാല്‍ ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആംബുലന്‍സില്‍ വന്നിറങ്ങിയത് -സുരേഷ്ഗോപി പറഞ്ഞു.
ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും ചേലക്കര യോഗത്തിലെ തന്റെ വിവാദ പരാമര്‍ശത്തെപ്പറ്റി സുരേഷ്ഗോപി വിശദീകരിച്ചു. അതേസമയം, പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐയെ കൊണ്ടുവരാന്‍ ചങ്കൂറ്റമുണ്ടോ എന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിച്ചു.
സത്യം വെളിയില്‍ വരണം എന്നുണ്ടെങ്കില്‍ സി.ബി.ഐയെ കൊണ്ടുവരണം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകും. തൃശ്ശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയംകൊണ്ടാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കല്‍ ആരോപണമെന്നും സുരേഷ്ഗോപി ആരോപിച്ചു.