തിരുവനന്തപുരം: എസ്.ഡി.പി.ഐ. പിന്തുണയോടെ കോണ്‍ഗ്രസിലെ ബീന ജയന്‍ നറുക്കെടുപ്പിലൂടെ വീണ്ടും വെമ്പായം പഞ്ചായത്ത് പ്രസിഡന്റായി. പ്രസിഡന്റായിരുന്ന ഇവര്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് അവിശ്വാസത്തിലൂടെ പുറത്തായതായിരുന്നു. എല്‍.ഡി.എഫിലെ ബിന്ദു ബാബുരാജ് നറുക്കെടുപ്പിലൂടെ തന്നെ വൈസ് പ്രസിഡന്റായി.
പഞ്ചായത്തിലെ 21 അംഗങ്ങളില്‍ എല്‍.ഡി.എഫിന് ഒമ്പതും കോണ്‍ഗ്രസിന് എട്ടും ബി.ജെ.പിക്ക് മൂന്നും എസ്.ഡി.പി.ഐയ്ക്ക് ഒരംഗവുമാണുള്ളത്. എസ്.ഡി.പി.ഐ. പിന്തുണയോടെ തുല്യവോട്ടില്‍ എത്തിക്കുകയും നറുക്കെടുപ്പിലൂടെ ബീന ജയന്‍ പ്രസിഡന്റാവുകയുമായിരുന്നു. വോട്ടെടുപ്പില്‍നിന്ന് ബി.ജെ.പി. അംഗങ്ങള്‍ വിട്ടുനിന്നു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങിയതോടെ കോണ്‍ഗ്രസിന് ഒമ്പതുപേരുടെ പിന്തുണയായി. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
വലിയ കക്ഷിയായ എല്‍.ഡി.എഫിനെ പിന്തള്ളി ബി.ജെ.പിയെയും എസ്.ഡി.പി.യെയും കൂട്ടുപിടിച്ചായിരുന്നു നേരത്തേ ഇവിടെ കോണ്‍ഗ്രസ് ഭരണം. ഭരണം അഴിമതിയില്‍ മുങ്ങിയതോടെ വിജിലന്‍സ് അന്വേഷണം വന്നു. ഇതോടെയാണ് എല്‍.ഡി.എഫ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
എസ്.ഡി.പി.ഐ. നേതാക്കളോടൊപ്പം കോണ്‍ഗ്രസ് വിജയാഹ്ലാദ പ്രകടനവും നടത്തി.