തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പിലാണ് നിര്‍ദ്ദേശിച്ചതെന്നു സുധാകരന്‍ പറഞ്ഞതിനെയാണ് ഹസ്സന്‍ തള്ളിയത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ നേതാവിനെ പാര്‍ട്ടി നേതൃത്വം നല്കുന്ന മുന്നണിയുടെ കണ്‍വീനര്‍ തന്നെ തള്ളിയത് പുതിയ വിവാദത്തിന് വഴിമരുന്നിട്ടിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. രാഹുല്‍ കെ.പി.സി.സിയുടെ നോമിനി ആണെന്നാണ് യഥാര്‍ത്ഥത്തില്‍ പറയേണ്ടിയിരുന്നത്. കെ.പി.സി.സിയല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷന്‍ കമ്മിറ്റിയില്‍ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാല്‍ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ. എല്ലാ പാര്‍ട്ടിയിയിലും അങ്ങനെയല്ലേ -ഹസ്സന്‍ പറഞ്ഞു.
കെ.മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് അയച്ച കത്ത് പുറത്തായത് പാര്‍ട്ടി അന്വേഷിക്കും എന്നു സുധാകരന്‍ പറഞ്ഞതിനെയും യു.ഡി.എഫ്. കണ്‍വീനര്‍ വിമര്‍ശിച്ചു. അത്തരമൊരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എ.ഐ.സി.സിക്കു പോകുന്ന ഒരുപാട് കത്തുകളുണ്ട്. ആരു വിചാരിച്ചാലും ആ കത്തു കിട്ടും. അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. എന്തന്വേഷിക്കാന്‍? എ.ഐ.സി.സിക്ക് അയയ്ക്കുന്ന കത്ത് രഹസ്യ കത്തല്ലല്ലോ. എ.ഐ.സി.സി. ഓഫീസിലുണ്ടാവും ആ കത്ത്. ഏത് മാധ്യമപ്രവര്‍ത്തകന്‍ വിചാരിച്ചാലും അതു കിട്ടും -ഹസ്സന്‍ പറഞ്ഞു.