സർക്കാരും ഗവർണറുമായുള്ള പോര് മൂർധന്യത്തിൽ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ പൊലീസിന്റെ അസാധാരണ നീക്കം. കേരള രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക്. ഗവർണറുടെ വാക്കുകൾ തിരുത്തി കേരളാ പൊലീസ് വാർത്താക്കുറിപ്പിറക്കി. ഇതോടെ സർക്കാരും ഗവർണറുമായുള്ള തുറന്ന പോരിൽ സർക്കാർ സംവിധാനങ്ങളും ഭാഗമാവുകയാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
കഴിഞ്ഞ ദിവസം ശാന്തിഗിരിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോൾ ഗവർണർ നടത്തിയ പരാമർശമാണ് പൊലീസ് തള്ളിയത്. സ്വർണക്കടത്തിൽ നിന്നു കിട്ടുന്ന പണം നിരോധിത സംഘടനകളുടെ ഫണ്ടിങ്ങിനായി വിനിയോഗിക്കുന്നുവെന്ന വിവരം കേരളാ പൊലീസിന്റെ വെബ്‌സൈറ്റിൽ തന്നെയുണ്ടല്ലോ എന്ന് ആരിഫ് ഖാൻ പറഞ്ഞിരുന്നു.
എന്നാൽ ഇത്തരമൊരു പ്രസ്താവനയോ ഒരു ഘട്ടത്തിലും കേരളാ പൊലീസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പിടിച്ച സ്വർണത്തിന്റെയും കറൻസിയുടെയും കണക്കുകൾ കാലയളവ് തിരിച്ചു പൊലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.
കേരളാ പൊലീസിന്റെ പത്രക്കുറിപ്പ് പതിവിനു വിപരീതമായി ഇന്ന് ഇംഗ്ലീഷിൽ മാത്രമാണിറങ്ങിയത്. അതിങ്ങനെ:
It has come as a news item in the electronic media yesterday, October 9, 2024, consequent to a briefing to the Press by the Hon’ble Governor, that there is a statement in the website of the Kerala Police that proceeds of the gold smuggled is utilised for funding banned organisations.
It is clarified that the official website of the Kerala Police has never carried any such statement at any point of time. It has published only statistical details of seizure of gold and currency with period wise details.
കേരളാ പൊലീസിന്റെ വെബ്‌സൈറ്റിൽ സ്വർണക്കടത്തിൽ നിന്നു കിട്ടുന്ന പണം നിരോധിത സംഘടനകളുടെ ഫണ്ടിങ്ങിനായി വിനിയോഗിക്കുന്നുവെന്ന പ്രസ്താവനയുള്ളതായി ബഹുമാനപ്പെട്ട ഗവർണർ മാധ്യമങ്ങളുമായി സംസാരിച്ചതിന്റെ തുടർച്ചയായി ഇന്നലെ 2024 ഒക്ടോബർ 9ന് ഇലക്ട്രോണിക് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
കേരളാ പൊലീസീന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്നുവരെ അത്തരത്തിലൊരു പ്രസ്താവന വന്നിട്ടില്ല. പിടിച്ച സ്വർണത്തിന്റെയും കറൻസിയുടെയും കാലയളവു തിരിച്ചുള്ള കണക്കുകൾ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതെന്ന് സർക്കാരും സി.പി.എമ്മും തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. കോടതികളിലെ കേസുകളിലും സർക്കാർ ഇതു പറയുകയും ഗവർണർക്കെതിരെ വിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. ഭരണത്തലവനാണെങ്കിലും ഗവർണറുടെ വാക്കുകളിലെ പൊള്ളത്തരം പൊളിച്ചു കാണിക്കാൻ ഇപ്പോൾ സർക്കാരിലെ ഒരു വകുപ്പു തന്നെ രംഗത്തുവന്നിരിക്കുന്നു.