ഗ്വാളിയർ: ബംഗ്ലാദേശിനെതിരെയാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസജയം. ബംഗ്ലാദേശ് ബാറ്റർമാരെ വരിഞ്ഞു മുറുക്കിയ ഇന്ത്യയുടെ യുവ ബൗളിങ് നിരയാണ് ജയം എളുപ്പമാക്കിയത്. മത്സരത്തിൽ 49 പന്തുകൾ ബാക്കിനില്‌ക്കേ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. സ്‌കോർ: ബംഗ്ലാദേശ് 19.5 ഓവറിൽ 127ന് പുറത്ത്. ഇന്ത്യ 11.5 ഓവറിൽ മൂന്നിന് 132.
Follow the FOURTH PILLAR LIVE channel on WhatsApp
ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും പേസ് ബൗളർ മായങ്ക് യാദവും അരങ്ങേറ്റം കുറിച്ചു. ബൗളർമാരാണ് അനായാസ ജയത്തിന് അടിത്തറയൊരുക്കിയത്. മായങ്ക് അഗർവാൾ മെയ്ഡൻ ഓവറോടെയാണ് വരവറിയിച്ചത്. രണ്ടാമത്തെ ഓവറിന്റെ രണ്ടാമത്തെ പന്തിൽ പരിചയസമ്പനന്നനായ മെഹ്‌മദുള്ളയെ മായങ്ക് പുറത്താക്കിയതോടെ ബംഗ്ലാദേശ് കടുത്ത പ്രതിസന്ധിയിലായി.
അർഷ്ദീപ് സിങ് 3.5 ഓവറിൽ 14 റൺസിന് മൂന്നുവിക്കറ്റ് നേടിയപ്പോൾ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ജേഴ്സിയണിഞ്ഞ സ്പിന്നർ വരുൺ ചക്രവർത്തി 31 റൺസിന് മൂന്നുവിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് നേടി. ഓപ്പണർമാരായ ലിറ്റൺ ദാസ് (4), പർവേസ് ഹൊസൈൻ (8) എന്നിവരെ തന്റെ ആദ്യ രണ്ട് ഓവറുകളിൽ അർഷ്ദീപ് സിങ് പുറത്താക്കിയതോടെതന്നെ കളിയുടെ ദിശ നിർണയിക്കപ്പെട്ടിരുന്നു. ഏഴാമനായി ഇറങ്ങിയ മെഹ്ദി ഹസൻ മിറാസ് (32 പന്തിൽ 35*), നജ്മുൽ ഹൊസൈൻ ഷാന്റോ (27) എന്നിവരാണ് പ്രധാന സ്‌കോറർമാർ.
സഞ്ജു സാംസണും (19 പന്തിൽ 29) കഴിഞ്ഞ ഐ.പി.എലിൽ സ്‌ഫോടനാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായ അഭിഷേക് ശർമയും (ഏഴു പന്തിൽ 16) ചേർന്നാണ് ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഷൊരീഫുൾ ഇസ്ലാം എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ സഞ്ജു രണ്ടു ഫോറടിച്ചു. ടസ്‌കിൻ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യപന്ത് സിക്‌സും പിന്നെ രണ്ടു ഫോറും അഭിഷേക് ശർമ നേടി. എന്നാൽ, അതേ ഓവറിലെ അവസാന പന്തിൽ, നോൺ സട്രൈക്കർ എൻഡിൽ നിൽക്കേ റൺഔട്ടായി.
വൺഡൗണായി സൂര്യകുമാർ യാദവ് (14 പന്തിൽ 29) എത്തിയതോടെ രംഗം കൊഴുത്തു. സൂര്യകുമാർ മടങ്ങുമ്പോഴേക്കും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. ഹാർദിക് പാണ്ഡ്യ (16 പന്തിൽ 39*), അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നിതീഷ് കുമാർ റെഡ്ഡി (16*) എന്നിവർ ചേർന്ന് ജയം പൂർത്തിയാക്കി.
സഞ്ജുവിന്റെ ഇന്നിങ്‌സിൽ ആറു ഫോറുണ്ട്. ഹാർദിക് അഞ്ചു ഫോറും രണ്ടു സിക്‌സും നേടി. സൂര്യകുമാർ രണ്ടു ഫോറും മൂന്നു സിക്‌സും നേടി.