Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണെന്ന് യു.എസ്. റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ മതങ്ങൽ നേരിടുന്ന വെല്ലുവിളികൾ നിരീക്ഷിക്കുന്ന സംഘടനയായ യു.എസ്. കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്.) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഈ റിപ്പോർട്ടിനെ കേന്ദ്ര സർക്കാർ തളളി. റിപ്പോർട്ട് പക്ഷപാതപരമാണെന്നും സംഘടനയ്ക്കു രാഷ്ട്രീയ അജണ്ടയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനു പകരം യു.എസിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണു സംഘടന ശ്രമിക്കേണ്ടതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
മതസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക നേരിടുന്ന രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന് യു.എസ്. വിദേശകാര്യ മന്ത്രാലയത്തോട് യു.എസ്.സി.ഐ.ആർ.എഫ്. ശുപാർശ ചെയ്തിരുന്നു. ഇന്ത്യയിൽ മതത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം നടക്കുന്നതും മതനേതാക്കളെ അറസ്റ്റ് ചെയ്യുന്നതും റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.