29 C
Trivandrum
Thursday, February 6, 2025

തൃശ്ശൂരില്‍ പട്ടാപ്പകല്‍ സിനിമാസ്റ്റൈല്‍ കൊള്ള, ദൃശ്യങ്ങള്‍ പുറത്ത്

    • സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് രണ്ടര കിലോയിലേറെ സ്വര്‍ണം കവര്‍ന്നു

തൃശ്ശൂര്‍: തൃശ്ശൂരില്‍ പട്ടാപ്പകല്‍ സ്വര്‍ണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടു കോടി രൂപയോളം വിലമതിക്കുന്ന 2.6 കിലോ സ്വര്‍ണം കവര്‍ന്നു. കോയമ്പത്തൂരില്‍ നിന്നു കാറില്‍ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപത്ത് മൂന്ന് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ന്നത്. സ്വര്‍ണ്ണ വ്യാപാരി തൃശ്ശൂര്‍ കിഴക്കേകോട്ട കിഴക്കേക്കോട്ട നടക്കിലാന്‍ അരുണ്‍ സണ്ണി(38), ചാലക്കുടി കോട്ടാത്തുപറമ്പില്‍ റോജി തോമസ്(43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ബുധനാഴ്ച നടന്ന കവര്‍ച്ചയുടെ ദൃശ്യം സ്വകാര്യ ബസിന്റെ മുന്‍ക്യാമറയില്‍ പതിഞ്ഞത് വ്യാഴാഴ്ച പുറത്തുവന്നിട്ടുണ്ട്.

Follow the FOURTH PILLAR LIVE channel on WhatsApp 

ബുധനാഴ്ച രാവിലെ 11.15ഓടെ ദേശീയപാതയില്‍ വഴുക്കുംപാറ കല്ലിടുക്കിലായിരുന്നു സംഭവം. രണ്ട് ഇന്നോവ, ഒരു റെനോ ട്രൈബര്‍ എന്നീ കാറുകളിലായാണ് കവര്‍ച്ചാസംഘം എത്തിയത്. സ്വര്‍ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കോയമ്പത്തൂരിലെ ആഭരണ നിര്‍മാണശാലയില്‍ നിന്നു പണിയിച്ചു വാങ്ങിയ 2.60 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലകളാണു കാറിലുണ്ടായിരുന്നത്. സുരക്ഷാകാരണങ്ങളാല്‍ കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ദേശീയപാതയിലൂടെ ഏറെനേരമായി ഇവരുടെ വണ്ടിയെ മൂന്നു കാറുകള്‍ പിന്തുടര്‍ന്നിരുന്നു. കല്ലിടുക്കിലെത്തിയപ്പോള്‍ ഇതിലൊരു കാര്‍ പാഞ്ഞു മുന്നില്‍ കയറി ഇവരെ തടഞ്ഞിട്ടു. പിന്നാലെ എത്തിയ രണ്ടു കാറുകളില്‍ നിന്നുമടക്കം ആകെ 11 പേര്‍ അരുണിന്റെ കാര്‍ വളഞ്ഞു. പ്രതികള്‍ മുഖം മറച്ചിരുന്നു. കഴുത്തില്‍ കത്തിവച്ച് അരുണിനെയും റോജിയെയും ഡിസയറില്‍ നിന്നിറക്കി ഗുണ്ടാസംഘത്തിന്റെ കാറിലേക്കു പിടിച്ചുകയറ്റി. സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ നോക്കിനില്‍ക്കെ ആയിരുന്നു അതിക്രമം. അരുണ്‍ സഞ്ചരിച്ച കാറും ഗുണ്ടാസംഘം തട്ടിയെടുത്തു.

ഒറ്റനോട്ടത്തില്‍ കാറില്‍ സ്വര്‍ണം കാണാതിരുന്നതോടെ രഹസ്യ അറയില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന സംശയത്തില്‍ ഇവര്‍ അരുണിന്റെ തുടയില്‍ ചുറ്റിക കൊണ്ടു തുടരെ മര്‍ദിച്ചു. സ്വര്‍ണം എവിടെയാണെന്നു പറയാന്‍ തയാറാകാതിരുന്നതോടെ അരുണിനെ കുട്ടനെല്ലൂരില്‍ ഉപേക്ഷിച്ചു. കാര്യമായി ഉപദ്രവിക്കാതെ റോജിയെ പാലിയേക്കരയിലും ഉപേക്ഷിച്ചു. പിന്നീട് സ്വര്‍ണം സഹിതം കാറുമായി പ്രതികള്‍ എറണാകുളം ദിശയിലേക്കു രക്ഷപ്പെട്ടു.

സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ എത്തിയ വാഹനങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കാറില്‍ നിന്നു ക്രിമിനല്‍ സംഘത്തിനു സ്വര്‍ണം കണ്ടെടുക്കാന്‍ കഴിഞ്ഞോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Recent Articles

Related Articles

Special

Enable Notifications OK No thanks