ആഗ്ര: ലോകാത്ഭുതമായ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന്റെ ഭിത്തിയില്‍ ചെടി വളരുന്നതായി കണ്ടെത്തിയത് വിവാദമാകുന്നു. താജ്മഹല്‍ സന്ദര്‍ശിച്ച ഒരു വിനോദസഞ്ചാരി പങ്കുവച്ച വീഡിയോയിലാണ് ചെടി വളരുന്നത് കണ്ടത്തിയത്. ആഗ്രയില്‍ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഇതേ താഴികക്കുടത്തില്‍ ചോര്‍ച്ച ഉണ്ടായിരുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
പ്രധാന താഴികക്കുടത്തിന്റെ വടക്കുഭാഗത്താണ് ചെടി വളരുന്നത്. ഇതിനു പിന്നാലെ താജ്മഹലിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന ആരോപണവുമായി സഞ്ചാരികളും ടൂര്‍ ഓപ്പറേറ്റര്‍മാരും രംഗത്തെത്തി.
വര്‍ഷം നാലു കോടിയോളം രൂപയാണ് താജ്മഹലിന്റെ പരിപാലനത്തിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചിലവാക്കുന്നതെന്നാണ് കണക്ക്. എന്നിട്ടും ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങള്‍ താജ്മഹലിന്റെ സമ്പൂര്‍ണ നാശത്തിന് കാരണമാവുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.
എന്നാല്‍ താജ്മഹലിന് മുകളില്‍ വളരുന്ന ചെടികള്‍ കൃത്യമായി നീക്കാറുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിശദീകരണം. ഈ വീഡിയോയില്‍ കാണുന്ന ചെടി കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതാണെന്നും ഇതും നീക്കം ചെയ്യുമെന്നും എ.എസ്.ഐ. വ്യക്തമാക്കി.
മഴയെത്തുടര്‍ന്ന് താജ്മഹലിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.