തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിത മേഖലയിലെ ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജി മോഹന്‍ അറിയിച്ചു. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നു വായ്പയെടുത്ത 52 പേരുടെ 64 വായ്പകളാണ് എഴുതി തള്ളുന്നത്. 1,05,66,128 രൂപയുടെ വായ്പയാണ് ഒഴിവാക്കുന്നത്.
ദുരിതബാധിതകര്‍ക്ക് ആശ്വാസമേകിയതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവനയും കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കൈമാറിയിട്ടുണ്ട്. പ്രസിഡന്റ് ഷാജി മോഹന്‍ മുഖ്യമന്ത്രി പിണറായി വിജയന് 50 ലക്ഷത്തിന്റെ ചെക്ക് കൈമാറി.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്ത മേഖലയില്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വായ്പയെടുത്ത 52 പേരുടെ ജീവനോപാധികള്‍ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന നല്‍കി സുപ്രധാന തീരുമാനം സ്വീകരിച്ചത്. വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും എടുത്തിട്ടുള്ള വായ്പയാണിത്. 42 കാര്‍ഷിക വായ്പകളും 21 റൂറല്‍ ഹൗസിങ് വായ്പകളും ഒരു കാര്‍ഷികേതര വായ്പയും ഇതില്‍ ഉള്‍പ്പെടുന്നു.
ഈടായി നല്‍കിയ പ്രമാണങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പയെടുത്തവര്‍ക്ക് തിരികെ നല്‍കും. ഇതിനൊപ്പം ദുരന്തബാധിതര്‍ക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ സഹായം എന്ന നിലയില്‍ ധനസഹായവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയിലെ അഭിവൃദ്ധിക്ക് വേണ്ടിയും കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗ്രാമവികസന ബാങ്ക്. അതുകൊണ്ട് തന്നെയാണ് ഈ ദുരിത കാലത്തും കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കുന്നത്. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ഇതിനകം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ഷാജി മോഹന്‍ പറഞ്ഞു.