29 C
Trivandrum
Friday, July 11, 2025

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്ന് സിദ്ദിഖ്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്ന് എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ എ.എം.എം.എ. സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എ.എം.എം.എയ്ക്ക് എതിരായുള്ളത് അല്ല. എ.എം.എം.എ. എന്ന സംഘടന പ്രതിസ്ഥാനത്തില്ല. ഞങ്ങളുടെ അംഗങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അതില്‍ പറയുന്നത്. മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടക്കുന്നിട്ടുണ്ടെങ്കില്‍ പൊലീസ് കേസെടുത്ത് ശിക്ഷിക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ എ.എം.എം.എ. ഒരിക്കലും ശ്രമിച്ചിട്ടില്ല -സിദ്ദിഖ് ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാതെ തങ്ങള്‍ ഒളിച്ചോടിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. ഷോ റിഹേഴ്സല്‍ നടക്കുന്നതിനാലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയത്. റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. ഈ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ എ.എം.എം.എ. ഭാരവാഹികള്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരെ എ.എം.എം.എ. ഒന്നും ചെയ്തിട്ടില്ല. ഹേമ കമ്മിറ്റിയുടെ നിര്‍ദേശം നടപ്പാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മലയാള സിനിമയിലുള്ളവര്‍ മുഴുവന്‍ മോശക്കാരാണ് എന്ന അര്‍ഥത്തില്‍ പരാമര്‍ശങ്ങളില്‍ വിഷമമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല. ഒരു സിനിമയില്‍ ആരഭിനയിക്കണം എന്ന് ചിലര്‍ മാത്രം തീരുമാനിച്ചാല്‍ എങ്ങനെയാണ് സിനിമ മുന്‍പോട്ട് പോകുന്നത്. മാഫിയ എന്ന വാക്കിന്റെ അര്‍ഥം അറിയാത്തതിനാലാണ് അങ്ങനെയെല്ലാം പറയുന്നത്. പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഷൂട്ടിങ്ങില്‍ ഇന്റേര്‍ണല്‍ കംപ്ലൈന്റ് കമ്മിറ്റിയെ വെക്കേണ്ടത് പ്രൊഡ്യൂസറാണ്. അതില്‍ ഇടപെടാന്‍ എ.എം.എം.എയ്ക്ക് സാധിക്കില്ല.

2006ല്‍ നടന്ന സംഭവത്തെക്കുറിച്ച് 2018ല്‍ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അന്ന് ഞാന്‍ വെറും എക്‌സിക്യൂട്ടിവ് മെമ്പര്‍ മാത്രമായിരുന്നു. അന്നു പരാതി ശ്രദ്ധയില്‍പ്പെട്ടില്ല. അതു തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാന്‍ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചു മറ്റു പരാതികള്‍ എ.എം.എം.എയ്ക്കു ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്നതാണ് സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്‌നം. എ.എം.എം.എയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോടു പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങള്‍ മാത്രമാണു ചോദിച്ചതെന്നാണ് അറിഞ്ഞത് -സിദ്ദിഖ് പറഞ്ഞു.

എ.എം.എം.എയില്‍ യാതൊരു ഭിന്നതയുമില്ല. വേട്ടക്കാരുടെ പേര് പുറത്ത് വിടാന്‍ ആവശ്യപ്പെടണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. എ.എം.എം.എ. ഭാരവാഹികളായ പല വനിതകളെയും ഹേമ കമ്മീഷന്‍ വിളിപ്പിച്ചിട്ടില്ല. സംവിധായകന്‍ കതകില്‍ മുട്ടിയെന്ന പെണ്‍കുട്ടിയുടെ പരാതി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിലകന്റെ മകള്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതവര്‍ തന്നെ കൈകാര്യം ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. എ.എം.എം.എയ്ക്ക് അവര്‍ പരാതി നല്‍കിയിട്ടില്ല. പാര്‍വതിക്ക് അവസരം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല. സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഇപ്പോള്‍ കണക്കിലെടുക്കാനാവില്ലെന്നും നാലഞ്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് ശരിയായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. ഭൂരിഭാഗം സെറ്റിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks