തൃശൂര്‍: ഏഴുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ പദ്മശ്രീ ജേതാവായ പ്രമുഖ വ്യവസായി അറസ്റ്റില്‍. പുഴയ്ക്കല്‍ ശോഭ സിറ്റി ടോപ്പാസ് ഫ്ളാറ്റില്‍ മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ മേനോനാണ് (63) അറസ്റ്റിലായത്. ഹീവാന്‍ നിധി, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് 7.78 കോടി രൂപ തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്.
തൃശൂര്‍ നഗരത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിവാന്‍ നിധി ലിമിറ്റഡ് ഹീവാന്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ ആര്‍.ബി.ഐ. നിബന്ധനങ്ങള്‍ക്ക് വിരുദ്ധമായി ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചു. കാലാവുധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയുമില്ല. തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളാണ് സുന്ദറിനെതിരെ ഉണ്ടായിരുന്നത്. 62 പരാതിക്കാരില്‍ നിന്നുമാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.
പലിശയോ മുതലോ നിക്ഷേപകര്‍ക്ക് നല്‍കാന്‍ കമ്പനി തയാറായിട്ടില്ല. മാരക രോഗം ബാധിച്ച നിക്ഷേപകര്‍ക്ക് പോലും തുക തിരിച്ചു നല്‍കാന്‍ തയാറായില്ലെന്നാണ് പരാതി. പണം കിട്ടാത്ത നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേരളത്തിലാണ് സ്ഥാപനം തുടങ്ങിയതെങ്കിലും ജമ്മു ആയിരുന്നു ആസ്ഥാനം. എന്നാല്‍ ഈ സ്ഥാപനത്തിന് ജമ്മുവില്‍ ഓഫീസിലില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. കേരളത്തില്‍ നാലു ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ഹൈക്കോടതിയിലും നിക്ഷേപകര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാപനം പൂട്ടി. ബഡ്സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സുന്ദര്‍ മേനോനെ സിറ്റി കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
2016ലാണ് രാജ്യം പദ്മശ്രീ നല്കി സുന്ദര്‍ മേനോനെ ആദരിച്ചത്.