കാസറഗോഡ്: നീലേശ്വരം പട്ടേന പാലക്കുഴി വി.ജെ. നിലയത്തിലെ പി.വി.ജയന്തിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി എന്നത്. അതിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു, പരിശ്രമിച്ചു. ഒടുവിൽ ജയന്തി വിജയിച്ചു. പി.എസ്.സി. നിയമന ഉത്തരവ് കൈയിൽ കിട്ടുമ്പോൾ ജയന്തിക്ക് പ്രായം 55!
Follow the FOURTH PILLAR LIVE channel on WhatsApp
വനിതശിശുവികസനവകുപ്പിന്റെ പരപ്പ കോളിച്ചാല്‍ കാര്യാലയത്തില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറായാണ് ജയന്തി ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് എന്‍.വി.വിജയന്‍ ആരോഗ്യവകുപ്പിൽ നിന്നു വിരമിച്ചു. വിജിത, ജ്യുതി എന്നിവരാണ് ഇവരുടെ മക്കൾ. ജയന്തിയുടെ പേരക്കുട്ടിക്ക് 6 വയസ്സായി. ഇപ്പോഴാണ് ജോലി കിട്ടുന്നത്.
നേരത്തേയുള്ള വ്യവസ്ഥയനുസരിച്ച് 56 വയസ്സായിരുന്നു വിരമിക്കൽ പ്രായം. എന്നാൽ, പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതോടെ അതിൻ്റെ പരിധിയിൽ വരുന്നവർക്ക് 60 വയസ്സായി വിരമിക്കൽ പ്രായം. അതിനാൽത്തന്നെ നിയമന ഉത്തരവ് കൈയിൽ കിട്ടിയപ്പോൾ ജയന്തിയും പ്രതികരണം ഇതായിരുന്നു -‘അഞ്ചുവര്‍ഷം ജോലി ചെയ്യാമല്ലോ’.
32ാം വയസ്സിൽ അങ്കണവാടി അധ്യാപികയായി ജോലിക്കു കയറിയതാണ് ജയന്തി. നീലേശ്വരം ബ്ലോക്കില്‍ നടന്ന അഭിമുഖത്തിലൂടെയായിരുന്നു നിയമനം. നീലേശ്വരം രാങ്കണ്ടം അങ്കണവാടിയില്‍ 22 വര്‍ഷമായി ജോലിചെയ്യുന്നു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത ബിരുദമാണ്. എസ്.എസ്.എല്‍.സി. മാത്രം യോഗ്യതയുള്ള ജയന്തിക്ക് 36 വയസ്സിനു മുന്‍പേ അപേക്ഷ അയയ്ക്കാനായില്ല.
എന്നാല്‍ അങ്കണവാടി അധ്യാപികയായി 10 വര്‍ഷം സേവനമനുഷ്ഠിച്ചവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകും. പ്രായം 50ല്‍ താഴെയായിരിക്കണം. അങ്കണവാടി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച് 3 വര്‍ഷം കഴിയുന്ന സമയത്ത് പി.എസ്.സി. വിജ്ഞാപനം വന്നു. 10 വര്‍ഷം സേവനമില്ലാത്തതിനാല്‍ അന്ന് അപേക്ഷ നല്‍കാനായില്ല. പിന്നീട് വിജ്ഞാപനമുണ്ടായത് 2019ലാണ്. 2021ല്‍ പരീക്ഷ എഴുതി. 2022ല്‍ റാങ്ക് പട്ടിക വന്നു. പിന്നെയും 3 വര്‍ഷം കഴിഞ്ഞ് ഇപ്പോൾ നിയമനവും ലഭിച്ചു.
യക്ഷഗാന കലാകാരനായ ഗോപാലകൃഷ്ണന്റെയും ശ്രീദേവിയുടെയും മകളാണ് ജയന്തി.