29 C
Trivandrum
Saturday, March 15, 2025

ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്‌നാട്ടില്‍; ശാസ്ത്രീയ പരിശോധനാഫലം തെളിവ്

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നെന്ന അവകാശവാദവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രംഗത്ത്. ഇന്നത്തെ തമിഴ് സംസാരിക്കുന്ന പ്രദേശത്ത് മൂന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തില്‍ തുടങ്ങി ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് പുരാവസ്തു പരിശോധനാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 5,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറയുന്നു.

ഇതുവഴി ഇരുമ്പുയുഗ കാലഘട്ടത്തെ ഏകദേശം 2 സഹസ്രാബ്ദങ്ങള്‍ പിന്നോട്ട് തള്ളിയിരിക്കുകയാണ്. ‘ഇരുമ്പിന്റെ പുരാതനത്വം: തമിഴ്നാട്ടില്‍ നിന്നുള്ള സമീപകാല റേഡിയോമെട്രിക് തീയതികള്‍’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് ചെന്നൈയില്‍ പുറത്തിറക്കുകയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. ‘ഇരുമ്പുയുഗം തമിഴ് മണ്ണില്‍ ആരംഭിച്ചു’ എന്ന ശ്രദ്ധേയമായ നരവംശശാസ്ത്ര പ്രഖ്യാപനം ഇന്ത്യക്കു മാത്രമല്ല, മുഴുവന്‍ ലോകത്തോടുമായി നടത്തുകയാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

തൂത്തുക്കുടി ജില്ലയിലെ ശിവഗലൈ, തിരുനെല്‍വേലി ജില്ലയിലെ ആദിച്ചനല്ലൂര്‍, കൃഷ്ണഗിരി ജില്ലയിലെ മയിലാടുംപാറൈ തുടങ്ങി വിവിധ പുരാവസ്തു കേന്ദ്രങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ ലഖ്നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസ്, അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, യു.എസ്.എയിലെ ഫ്ളോറിഡയിലെ ബീറ്റാ അനലിറ്റിക് ലാബ് എന്നിവയുള്‍പ്പെടെയുള്ള ലാബോറട്ടറികളില്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

തമിഴ് ഭൂപ്രകൃതിയിലാണ് അയിരില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഉരുക്കല്‍ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചതെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ക്രോണോമെട്രിക് ഡേറ്റിങിലൂടെ സ്ഥാപിച്ചതായി സ്റ്റാലിന്‍ അവകാശപ്പെട്ടു. ഇത് തമിഴ് വംശത്തിനും തമിഴ്‌നാടിനും തമിഴ് ഭൂപ്രകൃതിക്കും അഭിമാനകരമാണ് -സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

Recent Articles

Related Articles

Special

Enable Notifications OK No thanks