Follow the FOURTH PILLAR LIVE channel on WhatsApp
സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി. മുൻ ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരനെ ചോദ്യം ചെയ്യും. ബത്തേരി ഡി.വൈ.എസ്.പി. അബ്ദുൽ ഷരീഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്ച സുധാകരനെ ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് കെ.സുധാകരന് എൻ.എം.വിജയൻ അയച്ച കത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.
ഡിസംബർ 25നാണ് വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. മരണത്തിനു ശേഷം പുറത്തുവന്ന എൻ.എം.വിജയൻ്റെ ആത്മഹത്യ കുറിപ്പിലും മറ്റു കത്തുകളിലും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍.എം.വിജയന്‍ നേരത്തെ കെ.സുധാകരന് കത്തയച്ചിരുന്നു.
വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി.ബാലകൃഷ്ണനെയും ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചനെയും ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.