Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും കേരളത്തിലേക്കു കടന്നു തുടങ്ങിയതായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ കെ.രാധാകൃഷ്ണന്‍ എം.പിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡി. നടപടിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്തും സമാനമായി കേന്ദ്ര ഏജന്‍സികളുടെ കടന്നാക്രമണം ഉണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ മേഖലയെ ഏതെല്ലാം വിധത്തില്‍ കൈപ്പിടിയില്‍ ഒതുക്കാമെന്ന ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് സഹകരണ മേഖലയെ തകര്‍ക്കാന്‍ ഇ.ഡി. നീക്കം ആരംഭിച്ചത്.
കരുവന്നൂര്‍ ബാങ്കിൻ്റെ പോരായ്മകള്‍ പരിശോധിച്ച് തെറ്റു തിരുത്തുന്ന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കാര്യങ്ങള്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്ന രീതിയാണ് ഇ.ഡി. സ്വീകരിക്കുന്നത്. അതു തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ.രാധാകൃഷ്ണനെ ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി തൃശ്ശൂരിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ സ്വീകരിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണിത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വ്യാപകമായി കള്ളപ്രചാരണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം – ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എം. സംസ്ഥാന സമിതിയിലേക്ക് മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിനെതിരെ പരസ്യപ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാറിന് എതിരെ നടപടിയുണ്ടാകുമെന്ന സൂചന സംസ്ഥാന സെക്രട്ടറി നല്‍കി. പത്മകുമാറിൻ്റെ നടപടി സംഘടനാപരമായി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
വിഷയം സംസ്ഥാനസമിതി ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടി ഇക്കാര്യം കൃത്യമായി പരിശോധിക്കും. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞതു സംഘടനാപരമായി തെറ്റാണ്. അത്തരം നിലപാട് ആരൊക്കെ സ്വീകരിച്ചിട്ടുണ്ടോ അവര്‍ക്കെതിരെ സംഘടനാപരമായ നിലപാട് പാര്‍ട്ടിയും സ്വീകരിക്കും. ആര് ചെയ്തു എന്നതു പ്രശ്‌നമല്ല. എത്രവര്‍ഷം പ്രവര്‍ത്തിച്ചു എന്നതല്ല പ്രധാനം. പഴയ നേതാക്കളും പുതിയ നേതാക്കളും ചേര്‍ന്ന കൂട്ടായ പ്രവര്‍ത്തനമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ മെറിറ്റും മൂല്യവുമാണ് പരിഗണിക്കപ്പെടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലുള്ള നവീകരണമാണ് ബ്രാഞ്ച് തലം മുതല്‍ മുകളിലേക്കു നടന്നത്. പി.ജയരാജനെ ഒഴിവാക്കിയതുള്‍പ്പെടെ കാര്യങ്ങള്‍ പാര്‍ട്ടിക്കു ബോധ്യമുണ്ട്. മെറിറ്റും മൂല്യവും ഓരോരുത്തര്‍ക്കും വ്യക്തിപരമായി ബോധ്യപ്പെടേണ്ട കാര്യമാണ്. അതു ബോധ്യപ്പെടാത്തവരെ ബോധ്യപ്പെടുത്തും -ഗോവിന്ദന്‍ പറഞ്ഞു. എം.സ്വരാജ് കൂടുതല്‍ ശ്രദ്ധിക്കണമെന്നും അവൈലബിള്‍ കമ്മിറ്റികളില്‍ കൂടുതല്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സെക്രട്ടറി പറഞ്ഞു. സംഘപരിവാറിൻ്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്ക് എതിരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന സംഭവമാണിത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥ കേരളത്തില്‍ ചിലരിലെങ്കിലും നിലനില്‍ക്കുന്നുവെന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണം. സംഘപരിവാറുകാരുമായി ചങ്ങാത്തം കൂടുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇതിലെന്താണു പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.