Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ഹരിയാണയിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപ്പറ്റിച്ച് ബി.ജെ.പി. മുന്നേറ്റം. 10 കോര്‍പറേഷനുകളില്‍ 9 ഇടങ്ങളിലും ബി.ജെ.പി. മികച്ച വിജയം നേടി. ബി.ജെ.പിക്ക് നഷ്ടമായ മനേസറില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി. വിമതന്‍ ഡോ.ഇന്ദര്‍ജിത് യാദവാണ് വിജയിച്ചത്.
ഹരിയാണയില്‍ നിയമസഭാ തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ സിങ് ഹൂഡയുടെ ശക്തികേന്ദ്രങ്ങളായ ഗുരുഗ്രാം, റോത്തക്ക് മേഖലകളിലും മേയര്‍ സ്ഥാനം ബി.ജെ.പി പിടിച്ചു.
ഹരിയാനയില്‍ ട്രിപ്പ്ൾ എന്‍ജിന്‍ സര്‍ക്കാരിന് നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി നയാബ് സെയ്‌നിയേയും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കമുള്ള നേതാക്കളെയും മുന്‍നിര്‍ത്തിയാണ് ഹരിയാനയിലെ ബി.ജെ.പി. പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ഭുപീന്ദര്‍ സിങ് ഹൂഡ എന്നിവരായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികളിലെ പ്രധാന മുഖങ്ങള്‍.
റോത്തക്കിലെ പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായത്. 5 സ്ഥാനാര്‍ഥികളാണ് റോത്തക്കില്‍ മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍, ഒരുലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് ബി.ജെ.പിയുടെ റാം അവതാര്‍ ഇവിടെ വിജയിച്ചത്. 45,000 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുരാജ്മാല്‍ കിലോയ്ക്ക് ലഭിച്ചത്. ഹൂഡയുടെ സ്വന്തം സ്വന്തം തട്ടകമാണ് റോത്തക്ക്.