Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ 2 ടാൻസാനിയൻ സ്വദേശികളെ കേരള പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. പഞ്ചാബിലെ പഗ്വാരയിലെ ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ഥി കലഞ്ചന ഡേവിഡ് എൻ്റമി (22), ബി.ബി.എ. വിദ്യാര്‍ഥിനി മയോങ്ക അറ്റ്ക ഹരുണ (22) എന്നിവരെയാണ് പിടികൂടിയത്. പഞ്ചാബിലെ താമസസ്ഥലത്തുനിന്ന് പൊലീസ് ഇവരെ തന്ത്രപൂർവ്വം പിടികൂടിയ ശേഷം ഇവരെ വിമാന മാർഗ്ഗം കോഴിക്കോട് എത്തിക്കുകയായിരുന്നു.
2 വര്‍ഷംമുന്‍പാണ് ഇരുവരും പ്രൊഫഷണല്‍ ബിരുദപഠനത്തിന് ഇന്ത്യയില്‍ എത്തുന്നത്. ടാന്‍സാനിയന്‍ സര്‍ക്കാരിൻ്റെ സ്‌കോളര്‍ഷിപ്പോടെ എത്തിയ ഇരുവരും ഉയര്‍ന്ന സാമ്പത്തികനിലവാരമുള്ള കുടുംബത്തില്‍നിന്നുള്ളവരാണ്. മയോങ്ക അറ്റ്ക ഹരുണയുടെ പിതാവ് ടാന്‍സാനിയയില്‍ ന്യായാധിപനാണ്. കേരളത്തില്‍ ഉള്‍പ്പെടെ രാസലഹരി വിറ്റ് ലഭിക്കുന്ന പണത്തില്‍നിന്ന് ഇവര്‍ക്ക് ലഭിക്കുന്ന വിഹിതം ആര്‍ഭാടജീവിതം നയിക്കാനാണ് ഇരുവരും ചെലവിടുന്നത്. ഇരുവരും ഒന്നിച്ചുതാമസിക്കുന്ന വീട്ടിലും വീടിനോടടുത്തുള്ള സ്പായിലും ഇവര്‍ ആര്‍ഭാടജീവിതം നയിച്ചതിൻ്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചു.
പഗ്വാരയിലെ സമാന്തര സമ്പദ്വ്യവസ്ഥ ഇവര്‍ താമസസ്ഥലത്തിൻ്റെ ചുറ്റുപാടും സൃഷ്ടിച്ചിരുന്നു. എല്ലാവര്‍ക്കും ഒരേ രൂപസാദൃശ്യമുള്ളതും പൊലീസ് സംഘത്തിനെ കുഴക്കി. തുടര്‍ന്ന് ഉണര്‍ന്നുപ്രവര്‍ത്തിച്ച പൊലീസ് സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രം മനസ്സിലാക്കി വാഹനം റെഡിയാക്കി നിര്‍ത്തുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുവരെയും കണ്ട ഉടനെ പോലീസ് ഇവരുടെ പേര് വിളിച്ചു. തിരിഞ്ഞുനോക്കിയ ഉടനെ പൊലീസ് ഇരുവരെയും വാഹനത്തില്‍ കയറ്റി സ്ഥലംവിട്ടു. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന മുറിയിലെത്തി ലാപ്‌ടോപ്പുകളും മൊബൈല്‍ഫോണുകളും കണ്ടെടുത്തു.
കോഴിക്കോട് മയക്കുമരുന്ന് പിടിച്ച കേസിൻ്റെ അന്വേഷണമാണ് പഞ്ചാബിലേക്കും ടാൻസാനിയക്കാരിലേക്കും എത്തിച്ചത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗളൂരുവിൽ നിന്ന് എത്തിച്ച 221 ഗ്രാം എം.ഡി.എം.എയുമായി കാരന്തൂരിലെ വി.ആർ. റസിഡൻസി ലോഡ്ജിൽ നിന്ന് 2 പേരെ കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയിരുന്നു. ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായ കാസറഗോഡ് മഞ്ചേശ്വരം ‘ബായാര്‍പദവ്’ ഹൗസില്‍ ഇബ്രാഹിം മുസമില്‍ (27), കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂര്‍ ‘ശിവഗംഗ’യില്‍ അഭിനവ് (24) എന്നിവര്‍ക്ക് രാസലഹരി ലഭിച്ച വഴിതേടിയുള്ള അന്വേഷണമാണ് ടാന്‍സാനിയക്കാരിലേക്കെത്തിയത്.
ഈ കേസിൻ്റെ അന്വേഷണത്തിനിടെ മൈസൂരിൽ പിടിയിലായ അജ്മലിൽ നിന്നാണ് പഞ്ചാബിൽ ലഹരിമരുന്ന് വിതരണം ചെയ്ത 2 ടാൻസാനിയൻ പൗരന്മാരെ കുറിച്ച് വിവരം ലഭിച്ചത്. പല ഇടനിലക്കാര്‍വഴി കേരളത്തിലേക്ക് എം.ഡി.എം.എ. എത്തിച്ചവകയിലുള്ള പണം കൈപ്പറ്റിയത് ഇവരുടെ അക്കൗണ്ടുവഴിയാണെന്ന് കണ്ടെത്തി. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 1 കോടി 30 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. ലഹരി മാഫിയയെ വേരോടെ സംസ്ഥാനത്തിൽ നിന്ന് തുരത്തുകയാണ് കേരള പൊലീസിൻ്റെ ലക്ഷ്യമെന്ന് കോഴിക്കോട് ഡി.സി.പി. അരുൺ കെ.പവിത്രൻ പറഞ്ഞു.
എസ്.എച്ച്.ഒ. എസ്.കിരൺ, എസ്.ഐ. എ.നിതിൻ, സി.പി.ഒമാരായ ബിജേഷ്, അജീഷ്, വിജേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.