തൃശ്ശൂർ: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻ്റസ്ട്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡിന് (എസ്.ഐ.എഫ്.എൽ.) ജനീവ ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസർച്ചിൽ നിന്ന് പുതിയ ഓർഡർ ലഭിച്ചു. ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ അംഗമായിട്ടുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസേർച്ചിൽ നിന്ന് ആദ്യമായാണ് കേരളത്തിൽ നിന്നുള്ള സ്ഥാപനത്തിന് ന്യൂക്ലിയർ പ്രൊജക്റ്റിനാവശ്യമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ ലഭിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
പ്രതിരോധം, എയ്‌റോസ്‌പേസ്, എണ്ണ, വാതക വ്യവസായം എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങൾക്കായി സങ്കീർണ്ണവും നിർണായകവുമായ ഫോർജിങ്ങുകളുടെ നിർമ്മാതാക്കളാണ് എസ്.ഐ.എഫ്.എൽ. ആണവ പദ്ധതികൾക്കായി വിതരണം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണിത്. എയ്‌റോസ്‌പേസിനായുള്ള ഫോർജിങ്ങുകളുടെയും പൂർത്തിയായ ഘടകങ്ങളുടെയും ലോകോത്തര നിർമ്മാതാക്കള്‍ എന്ന നിലയിൽ എസ്.ഐ.എഫ്.എൽ. ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഭാഭ ആറ്റോമിക് റിസർച്ച് സെൻ്ററിനും ഇന്ത്യൻ നേവിയുടെ അന്തർവാഹിനിക്കും ആവശ്യമായ വിവിധ ഫോർജിങ്ങുകൾ എസ്.ഐ.എഫ്.എൽ. വികസിപ്പിച്ചുനൽകിവരുന്നതിനെ അടിസ്ഥാനമാക്കിയാണ് പുതിയ വെണ്ടർ അപ്രൂവൽ ലഭിച്ചത്. നിലവിൽ അമേരിക്ക, ഖത്തർ, തുർക്കി, സൗദി അറേബ്യ, പോളണ്ട്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കുന്ന എസ്.ഐ.എഫ്.എലിന് കൂടുതൽ ഓർഡറുകൾ ലഭിക്കാനും ഈ നേട്ടം സഹായകമാകും.