Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിൻ്റെ നേട്ടങ്ങൾ തമസ്കരിക്കുന്ന മാധ്യമങ്ങളുടെ നിലപാടിനെതിരെ വിമർശവുമായി വ്യവസായ മന്ത്രി പി.രാജീവ്. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ഔദ്യോഗികമായി പ്രഖ്യാപിച്ച കേരള ഗ്രീൻ ഹൈഡ്രജൻ വാലിയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ വാർത്തയൊന്നും നല്കാതിരുന്നതിനെക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹത്തിൻ്റെ വിമർശം.
ലോകസാമ്പത്തിക ഫോറത്തിന്റെ ചരിത്രത്തിലാഭ്യമായാണ് കേരളത്തിലെ ഒരുപദ്ധതി ഇങ്ങനെയൊരു പ്രഖ്യാപനത്തിൽ ഇടം തേടുന്നത്. 13 പുതിയ ക്ലസ്റ്ററുകളിൽ ആദ്യമായി പ്രഖ്യാപിക്കുന്നത് കേരളത്തിലെ പദ്ധതിയാണ്. വിവരാവകാശപ്രകാരം പോലും കേരള വിരുദ്ധ നെഗറ്റീവ് വാർത്തകൾ നൽകാൻ അത്യുത്സാഹം ചെയ്യുന്നവർക്ക് ലോക സാമ്പത്തിക ഫോറത്തിന്റെ ഔദ്യോഗിക റിലീസ് ചരമകോളത്തിലോ മിന്നിമറയുന്ന വാർത്തകളിലോ ഇടം നൽകാൻ പോലും പ്രാധാന്യമില്ലാത്തയൊന്നാണെന്ന് രാജീവ് കുറ്റപ്പെടുത്തി.
ചരിത്രം സൃഷ്ടിച്ച് വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായി. നാടാകെ മാറിയ കൂട്ടത്തിൽ മാധ്യമങ്ങൾ കൂടി മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനായി മാറിയേ മതിയാകൂ എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.