Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഓട്ടോമോട്ടീവ് വ്യവസായത്തിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യകളുടെ സുപ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതും നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് (കാറ്റ്സ് 2025) ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് നടക്കും.
ഇലക്ട്രിക്, സോഫ്ട്വെയർ ഡ്രൈവ് വാഹനങ്ങളിലേക്കുള്ള ആഗോളമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ നയരൂപകര്‍ത്താക്കള്‍, ഓട്ടോമോട്ടീവ് വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോകോത്തര വാഹന സാങ്കേതികവിദ്യാ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള സാധ്യതകള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെ.എസ്.ഐ.ഡി.സി.) സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ സംസാരിക്കും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ഒറിജിനല്‍ എക്യുപ്മെന്‍റ് മാനുഫാക്ചേഴ്സ് (ഒ.ഇ.എം.), ഓട്ടോമോട്ടീവ് വസ്തുക്കളുടെ വിതരണക്കാര്‍, സാങ്കേതികവിദ്യാ വിദഗ്ധര്‍ എന്നിവരുമുണ്ടാകും. സംസ്ഥാനത്തെ ഇലക്ട്രിക് വെഹിക്കിള്‍ റിസര്‍ച്ച് ആൻഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലൂടെയുള്ള നിക്ഷേപ സാധ്യതകള്‍ ഉച്ചകോടി ആരായും.
ഫെബ്രുവരി 21 മുതല്‍ 22 വരെ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ മുന്നോടിയായി സംഘടിപ്പിക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് 2025ല്‍ ഓട്ടോമോട്ടീവ് മേഖലയിലെ സംസ്ഥാനത്തിന്‍റെ നേട്ടങ്ങളും സാധ്യതകളും പ്രദര്‍ശിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഘടകങ്ങളായ ബാറ്ററികള്‍, മോട്ടോറുകള്‍, ചാര്‍ജറുകള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലെ കേരളത്തിന്‍റെ സാങ്കേതികവിദ്യാ പുരോഗതിയും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. ലോകോത്തര വാഹന സാങ്കേതികവിദ്യകളില്‍ കേരളത്തിന്‍റെ മേല്‍ക്കോയ്മ ഉറപ്പിക്കാന്‍ ഉച്ചകോടിയിലൂടെ സാധിക്കും.
കേരളത്തില്‍ നിന്നുള്ള നിസ്സാന്‍ ഡിജിറ്റല്‍ ഇന്ത്യ, ഡിസ്പെയ്സ്, ആക്സിയ ടെക്നോളജീസ്, വിസ്റ്റിയോണ്‍, ടാറ്റാ എല്‍ക്സി തുടങ്ങിയ മുന്‍നിര കമ്പനികള്‍ കേരളം ആസ്ഥാനമാക്കി ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിളപ്പില്‍ശാലയില്‍ ആരംഭിച്ച ഇലക്ട്രിക് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പോലുള്ള സംരംഭങ്ങളിലൂടെ ഇലക്ട്രിക് വാഹന ഗതാഗത രംഗത്ത് സര്‍ക്കാര്‍ പ്രതിബദ്ധത കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്, സോഫ്ട്വെയര്‍ ഡ്രൈവ് വാഹനങ്ങളിലേക്കുള്ള ആഗോളമാറ്റങ്ങളെ സംബന്ധിച്ച വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങളും ഉച്ചകോടിയിലുണ്ടാകും.
ബി.എം.ഡബ്ല്യു. ടെക് വര്‍ക്ക്സ് ഇന്ത്യ സി.ഇ.ഒ. ആദിത്യ ഖേര, മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ എം.ഡിയും സി.ഇ.ഒയുമായ സന്തോഷ് അയ്യര്‍, ടാറ്റ എല്‍ക്സി സി.എം.ഒ. ആന്‍ഡ് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ നിതിന്‍ പൈ, ആര്‍ ആൻഡ് ഡി മുന്‍ വൈസ് പ്രസിഡന്‍റ് സ്റ്റീഫന്‍ ജുറാഷെക്, സി.ഐ.ഐ. തിരുവനന്തപുരം സോണ്‍ ചെയര്‍മാനും ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോന്‍ ചന്ദ്രന്‍, ഡിസ്പെയ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക്ലിന്‍ ജോര്‍ജ് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ സംസാരിക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍, മാനേജിങ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ എന്നിവര്‍ സംസ്ഥാനത്തെ ഓട്ടോമോട്ടീവ് സംരംഭങ്ങളെ കുറിച്ച് അവതരണം നടത്തും.
ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പിന്‍റെയും ഒമേഗ സെയ്കി മൊബിലിറ്റിയുടെയും ചെയര്‍മാന്‍ ഉദയ് നാരംഗ്, കെയര്‍സോഫ്റ്റ് ഗ്ലോബല്‍ സി.ഇ.ഒ. മാത്യു വാച്ചപറമ്പില്‍, സോഫ്ട്വെയർ എൻജിനീയറിങ് വിസ്റ്റണ്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്‍റ് രാഹുല്‍ സിങ്, ഇന്ത്യ കോണ്ടിനെന്‍റല്‍ ഓട്ടോമോട്ടീവ് കംപോണന്‍റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് ലത ചെമ്പ്രക്കളം, പാര്‍ട്ണര്‍ ആൻഡ്ഹെഡ് ബിസിനസ് കണ്‍സള്‍ട്ടിങ് കെ.പി.എം.ജി. ഇന്ത്യ വിനോദ് കുമാര്‍ എന്നിവരും സംസാരിക്കും.
ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇ.വി. നിര്‍മ്മാതാക്കളുടെ വാഹനങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. മഹീന്ദ്രയുടെ 6, 9 ഇലക്ട്രിക് ബോണ്‍ വാഹനങ്ങള്‍ കേരളത്തില്‍ ആദ്യമായാണ് പ്രദര്‍ശനത്തിനെത്തുന്നത്.
എസ്.ഡി.വി., ഇ.വി. വാഹനങ്ങളുടെ ആഗോള കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റുന്നതില്‍ കാറ്റ്സ് 2025 പ്രധാന പങ്ക് വഹിക്കും. സോഫ്ട്വെയർ, ഹാര്‍ഡ്വെയര്‍, ക്ലീന്‍ എനര്‍ജി സൊല്യൂഷനുകള്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, എന്‍ജിനീയറിങ് മേഖലയിലെ വിഭവശേഷി എന്നിവയുടെ സംയോജനത്തിലൂടെ വാഹനഗതാഗത മേഖലയില്‍ ഉയര്‍ന്നുവരാനും കേരളത്തിന് ഇത് അവസരമൊരുക്കും.
കാറ്റ്സ് 2025 ന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള വാഹന വിതരണ ശൃംഖലയില്‍ ഒരു പ്രധാന ഘടകമായി തിരുവനന്തപുരം മാറും. കാര്‍ബണ്‍ പുറന്തള്ളലും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കുറച്ചു കൊണ്ടുള്ള സുസ്ഥിര ഗതാഗതമെന്ന കാഴ്ചപ്പാടിലൂടെ അത്യാധുനിക വാഹന ഗവേഷണ-വികസനത്തിനുള്ള കേന്ദ്രമെന്ന നിലയില്‍ അന്താരാഷ്ട്ര സഹകരണങ്ങളെ ആകര്‍ഷിക്കാനും സാധിക്കും.