ഇടുക്കി: ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്് ബുദ്ധയുടെ അവസാന ഘട്ട ചിത്രീകരണം ഞായറാഴ്ച്ച ഇടുക്കിയിലെ ചെറുതോണിയിൽ ആരംഭിച്ചു. നേരത്തേ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിന്റെ കാലിനു പരിക്കു പറ്റിയതാണ് നിർബന്ധിത ഇടവേളയ്ക്കു കാരണമായത്. 50 ദിവസത്തോളം നീണ്ടുനില്ക്കുന്ന ചിത്രീകരണമാണ് ഇനി ബാക്കുയള്ളത്.
Follow the FOURTH PILLAR LIVE channel on WhatsApp
ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളും ആക്ഷനുകളുമൊക്കെ ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നുണ്ടന്ന് നിർമ്മാതാവ് സന്ദീപ് സേനൽ പറഞ്ഞു. വിലായത് ബുദ്ധയുടെ ഇടവേളയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംബുരാൻ പൂർത്തിയാക്കി. അതിനു ശേഷമാണ് വിലായത് ബുദ്ധയുടെ സെറ്റിൽ തിരികെ ചേർന്നത്. ചെറുതോണിയിലും മറയൂരിലുമായിട്ടാണ് വിലായത് ബുദ്ധയുടെ തുടർചിത്രീകരണം.
മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്‌കരൻ മാഷും ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുഡം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്. രതിയും പ്രണയവും പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലാണ് കഥാവികസനം.
ഷമ്മി തിലകനാണ് ഭാസ്‌കരൻ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നനത്. പ്രിയംവദാ കൃഷ്ണനാണു നായിക. അനു മോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ.അരുണാചലം, രാജശീ നായർ എന്നിവരും പ്രധാന താരങ്ങളാണ്.
ജെയ്ക്ക് ബിജോയ്‌സിന്റേതാണ് സംഗീതം. ഛായാഗ്രഹണം -അരവിന്ദ് കശ്യപ്, രണദേവ്, ചിത്രസംയോജനം -ശ്രീജിത്ത് ശ്രീരംഗ്, കലാസംവിധാനം -ബംഗ്‌ളാൻ, ചമയം -മനുമോഹൻ, വസ്ത്രാലങ്കാരം -സുജിത് സുധാകർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ, പ്രൊജക്റ്റ് ഡിസൈനർ -മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ, എക്‌സിക്യട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ. പ്രൊഡക്ഷൻ എക്‌സിക്യട്ടീവ്‌സ് – രാജേഷ് മേനോൻ, നോബിൾ ജേക്കബ്ബ്, പ്രൊഡക്ഷൻ കൺട്രോളർ- അലക്‌സ് ഇ.കുര്യൻ.
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉർവ്വശി പിക്‌ച്ചേർസ് പ്രദർശനത്തിനെത്തിക്കും.