തിരുവനന്തപുരം: ക്യാമ്പസുകളെ കാവിവത്കരിക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നും സർവകലാശാലകളുടെ പ്രവർത്തനങ്ങൾ താറുമാറാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി. ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാത്തിനേയും വെല്ലുവിളിക്കുകയാണ് ഗവർണറെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
ആർ.എസ്.എസ്. കാവിവത്കരണത്തിനായി ഗവർണറെ ഉപയോഗിക്കുന്നു. ഗവർണറുടെ ഈ നടപടി സംബന്ധിച്ച് യു.ഡി.എഫുകാരുടെ നിലപാട് അറിയാൻ താൽപര്യമുണ്ട്. ആദ്യം യു.ഡി.എഫുകാരെയായിരുന്നു ചില സംഘപരിവാർ വിഭാഗത്തോടൊപ്പം ഇത്തരം പോസ്റ്റുകളിൽ ഗവർണർ നിയമിച്ചിരുന്നത്. അങ്ങനെ നിയമിച്ചപ്പോൾ അവർക്ക് വലിയ സന്തോഷമായി. കാരണം ഇടതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്നവരെയും പുരോഗമന സമീപനങ്ങൾ ഉൾക്കൊള്ളുന്നവരേയും ഒഴിവാക്കി ആർ.എസ്.എസുകാരെ മാത്രമല്ല ഞങ്ങളെക്കൂടി പരിഗണിക്കുന്നു എന്നതായിരുന്നു യു.ഡി.എഫിന്റെ ധാരണ. ആ ധാരണ ഇപ്പോഴും അവർക്കുണ്ടോ? ഈ നിലപാടിനോടുള്ള അവരുടെ സമീപനമെന്താണെന്ന് വ്യക്തമാക്കണം -എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
കാവിവത്കരണത്തിന്റെ ഭാഗമായി ഗവർണർ നടത്തുന്ന നടപടികളെ യൂണിവേഴ്സിറ്റി ക്യാമ്പസുകളും കോളേജുകളും വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും എല്ലാം മതനിരപേക്ഷ ഇന്ത്യയോട് താൽപര്യമുള്ള മുഴുവൻ ജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുന്നതിനുള്ള ശക്തമായ സമരങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അത് കേവലം പത്രസമ്മേളനത്തിൽ പറഞ്ഞ് അവസാനിപ്പിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ സംരക്ഷിക്കുന്നതിനായുള്ള അതിശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ആശയപ്രചരണങ്ങളും കേരളത്തിലുടനീളം സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് വിട്ടെത്തിയ പി.സരിനെ പൂർണ്ണമായും ഉൾക്കൊള്ളും. പാർട്ടി അംഗത്വത്തിന് സാങ്കേതിക കാലതാമസം ഉണ്ട്. സരിനെ പ്രയോജനപ്പെടുത്താവുന്ന മേഖലകളിലെല്ലാം ഉപയോഗിക്കും. മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ നടന്നു. വലതുപക്ഷ മാധ്യമങ്ങളുടെ ശക്തിയായ പ്രചാരണവും സർക്കാരിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന ജനവിരുദ്ധ കേന്ദ്ര നിലപാടും അതിനൊപ്പം നിൽക്കുന്ന യു.ഡി.എഫിന്റെ സമീപനവും എല്ലാം ചേർന്ന് പ്രതിസന്ധിയുടെ ഘട്ടത്തിലാണ് യഥാർഥത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടമെന്നാണ് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞത്. വൻ നേതൃനിര തന്നെ അവിടെ അണിനിരന്നു. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ മതധ്രുവീകരണം ഉണ്ടായെന്നും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ തട്ടിയെടുക്കൽ അപമാനകരമായ സംഭവമാണെന്നും ഇത്തരക്കാരെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതാണ് സി.പി.എമ്മിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.