ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിനു ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്ക്കുകയാണെന്ന പ്രതീക്ഷകള്‍ക്കുമേല്‍ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വെള്ളം കോരിയൊഴിച്ചു. ഹരിയാണയിലും ജമ്മു കശ്മീരിലും ഇപ്പോള്‍ മഹാരാഷ്ട്രയിലും ബി.ജെ.പിയുമായുള്ള നേരിട്ടുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് തോറ്റമ്പി. സമീപകാല പോരാട്ട ചരിത്രം മുഴുവന്‍ പറയുന്നത് ഈ കഥയാണ്. ഇടയ്ക്ക് കര്‍ണാടകത്തില്‍ ബി.ജെ.പിയെ തോല്പിക്കാനായതു മാത്രമാണ് അപവാദം.
Follow the FOURTH PILLAR LIVE channel on WhatsApp
ഹരിയാണയില്‍ 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ബി.ജെ.പിക്കെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരവും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും വനിതാ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിനും ജനകീയ പിന്തുണ ലഭിച്ച സാഹചര്യവുമെല്ലാം നിലനില്ക്കുമ്പോഴും കോണ്‍ഗ്രസ് 37 സീറ്റിലൊതുങ്ങി. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചിറകിലേറി ഇന്ത്യ കൂട്ടായ്മ ജയിച്ചെങ്കിലും കോണ്‍ഗ്രസ് പ്രകടനം ദയനീയമായി. 38 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറില്‍ ഒതുങ്ങി. ബി.ജെ.പിയുമായി മുഖാമുഖം ഏറ്റുമുട്ടിയ ജമ്മു മേഖലയില്‍ ഒരിടത്തുപോലും ജയിച്ചില്ല. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയാറാകാത്ത കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ മഹാരാഷ്ട്രയിലും പാളി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 99 സീറ്റ് നേടിയെങ്കിലും ബി.ജെ.പിയുമായി മുഖാമുഖം ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലൊന്നിലും കോണ്‍ഗ്രസിന് നിലംതൊട്ടില്ല. കേരളത്തില്‍ ഇടതുപക്ഷവുമായി ഏറ്റുമുട്ടി നേടിയ 16, തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ സഹായത്തോടെ 9, ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പിന്തുണയോടെ 6, പഞ്ചാബില്‍ 7 തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭേദപ്പെട്ട പ്രകടനങ്ങളാണ് കോണ്‍ഗ്രസിനെ 99ലെത്തിച്ചത്. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പച്ച തൊട്ടിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം വളരെ ആസൂത്രിതമായി ബി.ജെ.പി. സഖ്യം നീങ്ങിയപ്പോള്‍ ദിശതെറ്റിയ നിലയിലായിരുന്നു പ്രതിപക്ഷ സഖ്യത്തിലെ മുഖ്യപാര്‍ട്ടിയായ കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തോല്ക്കുമ്പോള്‍ സ്വാഭാവികമായും അതിന്റെ ഉത്തരവാദിത്വം സംഘടനാ ജനറല്‍ സെക്രട്ടറിയെന്ന പദവിയിലുള്ള കെ.സി.വേണുഗോപാലിലേക്കു വരികയാണ്. എന്നാല്‍, ഇതിലൊന്നും ഒരു കൂസലുമില്ലാതെ കെ.സി. മുന്നോട്ടു നീങ്ങുന്നു. ഗാന്ധി കുടുംബത്തിന്റെ പിന്തുണ തന്നെയാണ് വേണുഗോപാലിന്റെ ശക്തി. മഹാരാഷ്ട്ര നിര്‍ണായകമായ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് അവിടെ കേന്ദ്രീകരിക്കുന്നതിനുപകരം വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ മേല്‍നോട്ടത്തിന്റെ തിരക്കിലായിരുന്നു വേണുഗോപാല്‍.
ഹരിയാണയിലെ ദയനീയ തോല്‍വിക്കുശേഷം ‘കാസ്റ്റിങ് കൗച്ച്’ ആരോപണവും വേണുഗോപാലിനെതിരെ ഉണ്ടായി. വേണുഗോപാല്‍ താല്പര്യമെടുത്ത് നിര്‍ത്തിയ വനിതാ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് ദയനീയമായി പിന്തള്ളപ്പെട്ടതോടെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഈ ആക്ഷേപം ഉയര്‍ത്തിയത്. ആരോപണം ഖണ്ഡിക്കാനോ നിയമനടപടിക്കോ വേണുഗോപാലോ കോണ്‍ഗ്രസ് നേതൃത്വമോ തയ്യാറായിട്ടില്ല. ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയ കരുനീക്കങ്ങളില്‍ വേണുഗോപാലിനുള്ള പരിചയക്കുറവ് കോണ്‍ഗ്രസിനാകെ വിനയാകുന്നുവെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. മാറിയ സാഹചര്യത്തിലും വേണുഗോപാലിന്റെ കസേരയ്ക്കു നേരെ ചോദ്യങ്ങളുയരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കാരണം, തങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നമെന്താണെന്നു തന്നെ കോണ്‍ഗ്രസിനു മനസ്സിലായിട്ടില്ല. ആ പ്രശ്‌നം തിരിച്ചറിഞ്ഞാലല്ലേ അതിനു പരിഹാരമുണ്ടാക്കാനാവൂ.