തിരുവനന്തപുരം: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന സംസ്ഥാനത്തെ 70 കഴിഞ്ഞവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) നിന്ന് സമാനമായ കേന്ദ്ര പദ്ധതിയിൽ ചേർന്നവർ പുറത്തായി. കാസ്പ് മാതൃകയിൽ 70 വയസ് കഴിഞ്ഞവർക്കെല്ലാം വരുമാന പരിധി നോക്കാതെ സൗജന്യ ചികിത്സ നല്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ആയുഷ്മാൻഭാരത് പ്രധാനമന്ത്രി ജനാരോഗ്യ യോജനയിൽ (പി.എം.ജെ.എ.വൈ.) രജിസ്റ്റർ ചെയ്ത് വയോവന്ദന കാർഡ് എടുത്തവരാണ് കാസ്പിൽ നിന്നു പുറത്തായത്.
Follow the FOURTH PILLAR LIVE channel on WhatsApp
കാസ്പ് പ്രകാരം സഹായം നേരത്തേ കിട്ടിയിരുന്ന ചിലർക്ക് ഇപ്പോഴതു കിട്ടാതായതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. പി.എം.ജെ.എ.വൈ. സംസ്ഥാനത്ത് നടപ്പാക്കുന്നതിന് ഒരു നിർദ്ദേശവും ഇതുവരെ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. ഈ പദ്ധതിയിൽ കേന്ദ്ര വിഹിതം എത്ര, സംസ്ഥാന വിഹിതം എത്ര എന്നു പോലും തീരുമാനിച്ചിട്ടില്ല. മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ കേന്ദ്ര പദ്ധതിക്ക് സംസ്ഥാന വിഹിതമായി അധിക പണം കണ്ടെത്താനാവില്ലെന്ന നിലപാടാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. ആ പണം കൂടി ഉപയോഗിച്ച് സംസ്ഥാന പദ്ധതിയായ കാസ്പ് കാര്യക്ഷമമായി മുന്നോട്ടു നീക്കാനാണ് തീരുമാനം.
കാസ്പിൽ അംഗങ്ങളായവർക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ സ്വീകരിക്കാം. വയോവന്ദനയിലും വാർഷിക പരിധി അഞ്ചു ലക്ഷം തന്നെയാണ്. എന്നാൽ കാസ്പിൽ അംഗമാകുന്നവർക്ക് സർക്കാരിന്റെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗത്വം പാടില്ലെന്നു നിബന്ധനയുണ്ട്. കേന്ദ്രപദ്ധതിയിൽ ഒരാൾ അംഗമായാൽ കാസ്പ് പദ്ധതിയിൽനിന്ന് കുടുംബാംഗങ്ങളെല്ലാം സ്വാഭാവികമായി പുറത്താകും. കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ചേർന്നവർക്ക് ഫലത്തിൽ രണ്ടു കാർഡിൽ നിന്നും സൗജന്യചികിത്സ കിട്ടാതായി.
കേന്ദ്ര പദ്ധതി സംസ്ഥാനത്തു തുടങ്ങിയാലേ ഇവർക്കിനി സൗജന്യ ചികിത്സാ പദ്ധതിയിൽ വീണ്ടും അംഗമാകാനാകൂ. അതുകൊണ്ട് സംസ്ഥാന സർക്കാരിന്റെ നിർദേശമില്ലാതെ കേന്ദ്ര പദ്ധതിയിൽ ചേരരുതെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര പദ്ധതിയുടെ രജിസ്ട്രേഷൻ ഇപ്പോൾ തുടങ്ങരുതെന്ന് സി.എസ്.സി. ഡിജിറ്റൽ സേവാ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവയ്ക്കു അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ, ചില കേന്ദ്രങ്ങളും സംഘടനകളും പദ്ധതിയിൽ ആളെ ചേർത്ത് വയോവന്ദന കാർഡ് എടുത്തുനൽകിയിരുന്നു. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായും പ്രധാനമന്ത്രിയുടെ പേരിലുള്ള പദ്ധതിയിൽ ആളെച്ചേർക്കാൻ ചിലർ മുന്നിട്ടിറങ്ങി. ആ പ്രചാരണത്തിൽ കുടുങ്ങിയവരെല്ലാം ഇപ്പോൾ ഉണ്ടായിരുന്ന സഹായം കൂടി നഷ്ടപ്പെട്ട അവസ്ഥയിലായി.