പാലക്കാട്: എല്ലാ അർഥത്തിലും വ്യാജനായ വ്യക്തിയാണ് പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ.ഷാനിബ്. രാഹുൽ ഇതുവരെ ഐ.ടി. റിട്ടേൺസ് ഫയൽ ചെയ്തിട്ടില്ല. അദ്ദേഹം പരസ്യമായി കള്ളം പറഞ്ഞുവെന്നും ഷാനിബ് ആരോപിച്ചു.
ഇവിടെ എല്ലാ അർഥത്തിലും വ്യാജനായ ആളാണ് പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി. ആദ്യം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ ഐ.ഡി. കാർഡുണ്ടാക്കി. അതുപോലെ, നിരന്തരം കള്ളങ്ങൾ പറഞ്ഞു. വ്യാജമായ സത്യവാങ്മൂലം കൊടുത്തുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
അദ്ദേഹത്തിന് നാല് കച്ചവടസ്ഥാപനങ്ങളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു . ഒരു ബാർബർ ഷാപ്പ്, വസ്ത്രക്കട, മിൽമ ഷോപ്പ് അടക്കമുള്ള വരുമാനമാർഗങ്ങൾ അദ്ദേഹത്തിനുണ്ട്. എന്നാൽ, നികുതി അടച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നില്ല. ലക്ഷങ്ങൾ വരുമാനമുള്ള സ്ഥാനാർഥി ഇതുവരെ ഐ.ടി. റിട്ടേൺസ് ഫയൽ ചെയ്തിട്ടില്ല.
അതേസമയം, ഐ.ടി. റിട്ടേൺസ് ഫയൽ ചെയ്തതായി രാഹുൽ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ നുണ പറയുന്ന വ്യാജനായൊരു യു.ഡി.എഫിന്റെ സ്ഥാനാർഥി മത്സരിക്കുന്നു. അതിനുള്ള ഒരു തെളിവുകൂടെ പുറത്തുവരുകയാണ് -ഷാനിബ് ആരോപിച്ചു.
കഴിഞ്ഞ ദിവസം പി.സരിനെതിരേ വ്യാജവോട്ട് ചേർത്തുവെന്ന തരംതാണ ആരോപണം ഉന്നയിച്ചിരുന്നു പ്രതിപക്ഷേ നതാവ് വി.ഡി.സതീശൻ. എന്നാൽ അടിമുടി വ്യാജനായ ഒരു വ്യക്തിയെ അടുത്തിരുത്തിയാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മനസ്സിലാക്കണം -ഷാനിബ് കൂട്ടിച്ചേർത്തു.