പാണക്കാട്: പാണക്കാട് കുടുംബത്തെയും മലപ്പുറത്തെയും വാഴ്ത്തി സന്ദീപ് വാര്യര്‍. മലപ്പുറത്തിന്റെ സന്ദേശം മതനിരപേക്ഷതയുടെയും മാനവ സൗഹൃദത്തിന്റേതുമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അത് മലപ്പുറത്തിന് കിട്ടാനുള്ള പ്രധാനപ്പെട്ട കാരണം കുടപ്പനയ്ക്കല്‍ തറവാടും പാണക്കാട് കുടുംബവുമാണ് -സന്ദീപ് അഭിപ്രായപ്പെട്ടു.
കേരളത്തിനും രാജ്യത്തിനും മാതൃകയായിട്ടുള്ള മലപ്പുറത്തിന്റെ മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് പാണക്കാട് കുടുംബമാണെന്നും സന്ദീപ് പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം അത് എല്ലാവരും അംഗീകരിച്ച ഒന്നാണതെന്നും പാണക്കാട് എത്തിയ സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ വാതില്‍ കത്തിനശിച്ച സമയത്ത് അവിടേക്ക് ആദ്യം ഓടിയെത്തിയത് പാണക്കാട് ശിഹാബ് തങ്ങളാണ്. അതൊക്കെ വളരെ അത്ഭുതത്തോടെ കണ്ടുനിന്ന ആളായിരുന്നു ഞാന്‍. അത്തരത്തില്‍ ഉയര്‍ന്ന ചിന്തയോടുകൂടി മനുഷ്യര്‍ തമ്മില്‍ സഹോദരങ്ങളെപോലെ പോണം. മാനവസൗഹാര്‍ദ്ദമാണ് വേണ്ടത് എന്ന സന്ദേശം എല്ലാക്കാലത്തും നല്‍കിയിട്ടുള്ള കുടുംബം. ഇതിന് മുന്നില്‍ കൂടി കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കി കണ്ടിട്ടുള്ളത്. ഏത് സമയത്തും ആര്‍ക്കും സഹായം ചോദിച്ച്കടന്നുവരാന്‍ കഴിയുന്ന ഹൃദയ വിശാലതയുള്ള തറവാടാണ് ഇത്. ഇന്നലെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് ഇവിടേക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ അതില്‍ അങ്ങേയറ്റം ചാരിതാര്‍ഥ്യമുണ്ടെന്നും’ -സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി. സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരുന്നത്.